ടെൽ അവീവ് : ഇസ്രായേലിൽ നടത്തിയ ആക്രമണത്തിനിടെ ബന്ദികൾ ആക്കി ഗാസയിലേക്ക് കൊണ്ടുവന്ന മൂന്നുപേരുടെ വീഡിയോ ഹമാസ് പുറത്തുവിട്ടതിന് പിന്നാലെ
ഒറ്റരാത്രികൊണ്ട് ഗാസയിലേക്ക് ഇരച്ചു കയറിയിരിക്കുകയാണ് ഇസ്രായേലി ടാങ്കുകളും സൈനികരും. ഇതോടെ ഗാസ നഗരത്തിന്റെ പ്രധാന മേഖലയിലേക്ക് ഇസ്രായേൽ സൈന്യം പ്രവേശിച്ചു കഴിഞ്ഞു. കരയുദ്ധത്തിന്റെ ആരംഭം ആയാണ് ഇസ്രായേൽ സൈന്യത്തിന്റെ ഈ നീക്കം കണക്കാക്കപ്പെടുന്നത്.
മൂന്ന് ദിവസം മുമ്പ് തന്നെ ഇസ്രായേൽ സൈന്യം ഗാസയിലേക്ക് പ്രവേശിക്കാനും കരയുദ്ധത്തിനുള്ള തയ്യാറെടുപ്പുകൾ നടത്താനും ആരംഭിച്ചിരുന്നു. നിരന്തരമായ ബോംബാക്രമണം തുടരുകയാണെന്ന് സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്രായേൽ പ്രതിരോധ സേന, കവചവാഹനങ്ങൾ, എഞ്ചിനീയറിംഗ് സേന എന്നിവയെല്ലാം ഇപ്പോൾ ഗാസയുടെ അതിർത്തിക്കുള്ളിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നെറ്റ്സാരിം മേഖലയിൽ ഇസ്രായേലി ടാങ്കുകൾക്ക് സമീപത്തേക്ക് ചെന്ന ഒരു കാർ പൊട്ടിത്തെറിക്കുന്നതിന്റെ വീഡിയോ നേരത്തെ പലസ്തീനിലെ ചില പത്രപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
ഇസ്രായേൽ സൈന്യം
അൽ-അസ്ഹർ സർവകലാശാലയുടെ പ്രദേശത്ത് എത്തിയിരിക്കുന്നതായി നേരത്തെ തന്നെ ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
ഗാസ നഗരത്തിന്റെ തെക്ക് ഭാഗത്തായാണ് ഈ സർവകലാശാല ക്യാമ്പസ് സ്ഥിതി ചെയ്യുന്നത്. നേരത്തെ ഗാസ നഗരത്തിന് വടക്കുള്ള ബീച്ച്‌സൈഡ് ഹോട്ടലിൽ ഐഡിഎഫ് സൈനികർ ഇസ്രായേലി പതാക ഉയർത്തിയതിന്റെ ദൃശ്യങ്ങളും സൂചിപ്പിക്കുന്നത് ഇസ്രയേൽ പ്രതിരോധ സേന ഇപ്പോൾ ഗാസയിലേക്ക് പ്രവേശിച്ചു കഴിഞ്ഞു എന്നുള്ളത് തന്നെയാണ്. അതേസമയം ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ ഇതുവരെ ഗാസയിൽ 8000-ത്തിൽ അധികം പേർ കൊല്ലപ്പെട്ടു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Discussion about this post