തിരുവനന്തപുരം: കേരളീയം 2023 പരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്ത് കടുത്ത ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. കവടിയാർ മുതൽ കിഴക്കേകോട്ട വരെയുളള പ്രധാന വീഥി റെഡ് സോണായും, അതിലേക്ക് ചേരുന്ന മറ്റു റോഡുകളെ ഓറഞ്ച് സോണായും, മറ്റു ഭാഗങ്ങളെ ഗ്രീൻ സോണായും തരം തിരിച്ചിട്ടുണ്ട്. റെഡ് സോണിൽ വൈകിട്ട് ആറു മുതൽ രാത്രി 11 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക. നിർദ്ദിഷ്ട പാർക്കിംഗ് സ്ഥലങ്ങളിലല്ലാതെയുളള പാർക്കിംഗ് അനുവദിക്കില്ല.
40 വേദികൾ ഉൾപ്പെടുന്ന മേഖലകളെ നാലു സോണുകളായി തിരിച്ച് ആയിരത്തിലധികം പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്. ഇവരിൽ 250 ലേറെ വനിതാ പോലീസ് ഉദ്യോഗസ്ഥർ, 400 ലധികം സ്‌പെഷ്യൽ പോലീസ് ഓഫീസർമാർ എന്നിവർ ഉൾപ്പെടുന്നു. പ്രധാനവേദികളിൽ ആരോഗ്യവകുപ്പ്, ഫയർ ഫോഴ്‌സ്, ആംബുലൻസ്, എന്നിവയുടെ സേവനം വിവധ ഭാഗങ്ങളിൽ ഉറപ്പാക്കിയിട്ടുണ്ട്. സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കാൻ തിരക്കേറിയ സ്ഥലങ്ങളിൽ പോലീസിന്റെയും സിറ്റി ഷാഡോ ടീമിന്റെയും നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. തിരക്ക് അനുഭവപ്പെടാൻ സാധ്യതയുളള റോഡുകൾ, ഇടറോഡുകൾ ഉൾപ്പെടെയുളള സ്ഥലങ്ങളിൽ നിശ്ചിത ഇടവേളകളിൽ പട്രോളിംഗ് ശക്തമാക്കിയിട്ടുണ്ട്. കൂടുതൽ നീരീക്ഷണ ക്യാമറകളും സ്ഥാപിച്ചു. കനകക്കുന്നിലും, പുത്തരിക്കണ്ടത്തും രണ്ടു സ്‌പെഷ്യൽ പോലീസ് കൺട്രോൾ റൂം സജ്ജമാക്കിയിട്ടുണ്ട്. 10 എയ്ഡ് പോസ്റ്റ്, സബ് കൺട്രോൾ റൂം കേരളീയം വേദി കേന്ദ്രീകരിച്ചുകൊണ്ട് തയ്യാറാക്കിയിട്ടുണ്ട്.
Discussion about this post