കോട്ടയം : അയ്മനത്ത് ബോട്ട് വള്ളത്തിൽ ഇടിച്ചുണ്ടായ അപകടത്തിൽ മരണപ്പെട്ട വിദ്യാർത്ഥിനിയുടെ വീട് സന്ദർശിച്ച മന്ത്രി വി എൻ വാസവനെതിരെ നാട്ടുകാരുടെ രോഷപ്രകടനം. കടുത്ത യാത്രാക്ലേശം നേരിടുന്ന ഈ മേഖലയെ സർക്കാർ നിരന്തരം അവഗണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നാട്ടുകാർ മന്ത്രിക്കുനേരെ കയർത്തത്.
അയ്മനത്തെ കരീമഠം പ്രദേശത്തെ യാത്രാദുരിതം പരിഹരിക്കണമെന്നും ഇവിടേക്ക് വഴി വേണമെന്നും ദീർഘകാലമായി നാട്ടുകാർ സർക്കാർ തലങ്ങളിൽ ആവശ്യപ്പെടുന്നുണ്ട്. നിലവിൽ ജലമാർഗ്ഗം മാത്രം എത്തിച്ചേരാൻ ആകുന്ന മേഖലയാണിത്. എന്നാൽ നിരന്തരം ആവശ്യപ്പെട്ടിട്ടും യാതൊരു നടപടിയും ഇതുവരെ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.
കഴിഞ്ഞ ദിവസമാണ് അയ്മനം കരീമഠത്ത് സർവീസ് ബോട്ട് വള്ളത്തിൽ ഇടിച്ച് അപകടമുണ്ടായത്. അപകടത്തിൽ വള്ളത്തിൽ നിന്നും മറിഞ്ഞുവീണ് ഒഴുക്കിൽപ്പെട്ട് ഏഴാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചിരുന്നു. അമ്മയ്ക്കും സഹോദരിക്കും ഒപ്പം സ്കൂളിലേക്ക് പോവുകയായിരുന്ന പെൺകുട്ടിയാണ് അപകടത്തിൽ മരണപ്പെട്ടത്. ഈ വിദ്യാർഥിനിയുടെ വീട് സന്ദർശിക്കാൻ എത്തിയപ്പോഴാണ് മന്ത്രി വി എൻ വാസവന്റെ നേരെ നാട്ടുകാർ രോഷപ്രകടനം നടത്തിയത്.
Discussion about this post