എറണാകുളം : കേരളത്തിൽ ഹമാസിനെപ്പോലുള്ള സംഘടനകൾ പ്രവർത്തിക്കുന്നുണ്ട്. അന്വേഷ ഏജൻസികളുടെ തെളിവിന്റെ അടിസ്ഥാനത്തിലാണിത് പറയുന്നതെന്നും കേന്ദ്രസഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞു. അവർക്കെതിരെ കേരള സർക്കാർ ഒരുനടപടികളും എടുക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.കളമശേരി സ്ഫോടനത്തെ തുടർന്ന് ഉണ്ടായ വിവാദത്തെ കുറിച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലെ സ്ഫോടനത്തെ കുറിച്ച് സംസാരിക്കാനാണ് വാർത്താ സമ്മേളനത്തിൽ വന്നത്. നിഷ്കളങ്കരായ മനുഷ്യർക്ക് നേരെ ഹമാസ് നടത്തിയ ആക്രമണങ്ങൾ എല്ലാവരും കണ്ടതാണ്. കേരളത്തിലും ഹമാസിന് സമാനമായ സംഘടനകൾ പ്രവർത്തിക്കുന്നുണ്ടെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. അതുകൊണ്ടാണ് അഫ്ഗാനിസ്ഥാനിലേക്കും സിറിയയിലേക്കും കേരളത്തിൽ നിന്നും ആളുകൾ പോകുന്നത്. ഇത്തരം വിഷയങ്ങൾ കേരള സർക്കാർ ഗൗരവമായി കാണുന്നില്ല. അതുകൊണ്ടാണ് അത്തരം സംഘടനകൾക്കെതിരെ സർക്കാർ നടപടികൾ എടുക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യത്തിനായി പോരാട്ടം നടത്തുന്നവരാണ് ഹമാസെന്നായിരുന്നു മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ പറഞ്ഞത്.ഹമാസിന്റെ പ്രവർത്തനങ്ങളെ ന്യായീകരിക്കുന്നതാണ് സിപിഎം നേതാവ് എം സ്വരാജിന്റെ പരാമർശം. ഇങ്ങനെയുള്ള നേതാക്കൾ എന്ത് സന്ദേശമാണ് കേരളത്തിലെ യുവാക്കൾക്ക് നൽകുന്നതെന്നും അദ്ദേഹം ചോദിച്ചു. ഭീകരവാദത്തെ കുറിച്ച് പറയുന്നതിൽ രാഷ്ട്രീയം കൊണ്ടുവരാൻ നോക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. ഹമാസിനെ പിന്തുണയ്ക്കുന്ന സിപിഎം നിലപാട് പൂർണമായി എതിർക്കപ്പെടേണ്ടതാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
കളമശ്ശേരി സ്‌ഫോടനത്തിൽ സർക്കാരിനെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ ഫേസ്ബുക്ക് അക്കൗണ്ടിനെതിരെ പോലീസ് കേസ് എടുത്തിരുന്നു.സൈബർ സെൽ എസ്‌ഐ നൽകിയ പരാതിയിൽ എറണാകുളം സെൻട്രൽ പോലീസാണ് നടപടി സ്വീകരിച്ചത്.
Discussion about this post