ജയ്പൂർ: പാകിസ്താൻ ചാരനായി പ്രവർത്തി വന്നിരുന്ന രാജസ്ഥാൻ സ്വദേശിയെ പിടികൂടി പോലീസ്. പാകിസ്താൻ ചാരനായി പ്രവർത്തിക്കുകയും ബിക്കാനീർ അതിർത്തി പ്രദേശത്തെ തന്ത്രപരവും രഹസ്യാത്മകവുമായ വിവരങ്ങൾ പാകിസ്താനിലെ ഇന്റർ സർവീസസ് ഇന്റലിജൻസിന് ( ഐഎസ്ഐ ) കൈമാറിയതിനും 22 കാരനെയാണ് രാജസ്ഥാൻ പോലീസിന്റെ രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്. പോലീസിന്റെ നിരീക്ഷണത്തിനിടയിൽ, 22 കാരനായ നരേന്ദ്ര കുമാർ , പാകിസ്താൻ ചാരസംഘടനയിലെ രണ്ട് വനിതാ ഏജന്റുമാരുമായി സോഷ്യൽ മീഡിയ വഴി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വ്യക്തമാവുകയായിരുന്നു.
അതിർത്തി പ്രദേശങ്ങളിലെ ഐഎസ്ഐയുടെ പ്രവർത്തനങ്ങൾ രഹസ്യാന്വേഷണ വിഭാഗം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്ന് അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ് (എഡിജിപി) എസ് സെൻഗാതിർ പറഞ്ഞു.
ബൈക്ക് മെക്കാനിക്കായ യുവാവ് രണ്ട് വർഷം മുമ്പ് ഒരു ‘പൂനം ബജ്വ’ എന്നയാളുമായും ‘സുനിത’ എന്ന ഫേസ്ബുക്ക് അക്കൗണ്ടുമായും താൻ ബന്ധപ്പെട്ടതായി യുവാവ് വെളിപ്പെടുത്തി. താൻ ബിഎസ്എഫിൽ ഡാറ്റാ എൻട്രി ഓപ്പറേറ്ററായി ജോലി ചെയ്യുകയാണെന്നാണ് പൂനം പറഞ്ഞത്.പിന്നാലെ പൂനം കുമാറുമായി സൗഹൃദത്തിലായെന്നും വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിൽ അതിർത്തി പ്രദേശത്തെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ പങ്കുവയ്ക്കാൻ പ്രേരിപ്പിച്ചെന്നും യുവാവ് പറഞ്ഞു.
പൂനം, നരേന്ദ്രന് ഒരു വാട്ട്സ്ആപ്പ് നമ്പർ നൽകുകയും അന്താരാഷ്ട്ര അതിർത്തിയിലെ റോഡുകൾ, പാലങ്ങൾ, ബിഎസ്എഫ് പോസ്റ്റുകൾ, ടവറുകൾ, സൈനിക വാഹനങ്ങളുടെ ഫോട്ടോകൾ, നിരോധിത സ്ഥലങ്ങളുടെ ഫോട്ടോകൾ/വീഡിയോകൾ എന്നിങ്ങനെയുള്ള ഇന്ത്യൻ പ്രദേശത്തെക്കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങൾ തേടുകയും ചെയ്തു. ഇതിന് അനുസരിച്ച് യുവാവ് എല്ലാ വിവരങ്ങളും കൈമാറിയെന്നാണ് കേസ്.











