ജയ്പുർ : നീണ്ട 6 പതിറ്റാണ്ട് കാലം സേവനമനുഷ്ഠിച്ച ശേഷം ഒടുവിൽ മിഗ് -21 ബൈസണ്‍ യുദ്ധ വിമാനങ്ങൾ ഇന്ത്യൻ വ്യോമസേനയോട് വിട പറഞ്ഞു. രാജസ്ഥാനിലെ ബാര്‍മറിലെ ഉത്തര്‍ലായ് പട്ടണത്തിന് മുകളിലൂടെ വ്യോമസേനയുടെ നാലാം നമ്പര്‍ സൈനികവ്യൂഹമായ മിഗ്-21 ബൈസണ്‍ യുദ്ധവിമാനം അവസാന പറക്കല്‍ നടത്തി. മിഗ്-21 ബൈസണും സു-30 എംകെഐയും ഒന്നിച്ചാണ് പറന്നത്.
കരസേന, നാവികസേന, വ്യോമസേന ഉദ്യോഗസ്ഥർ പങ്കെടുത്ത ചടങ്ങിൽ ആണ് മിഗ്-21 അവസാന പറക്കൽ നടത്തിയത്. ഇന്ത്യ പാകിസ്ഥാൻ യുദ്ധത്തിൽ പോലും പങ്കെടുത്തിട്ടുള്ളവയാണ് മിഗ്-21 വിമാനങ്ങൾ എന്നത് ഇവയുടെ സവിശേഷതയാണ്. വിടപറയുന്ന മിഗ്-21 വിമാനങ്ങൾക്ക് പകരമായി സുഖോയ്-30 എംകെഐ വിമാനങ്ങളായിരിക്കും ഇനി വ്യോമസേനയ്ക്ക് കരുത്ത് പകരുക.
1966 മുതല്‍ ‘ഉറിയല്‍സ്’ എന്നറിയപ്പെടുന്ന സൈനികവിഭാഗമാണ് മിഗ്-21 യുദ്ധവിമാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത്. റഷ്യൻ നിർമ്മിതമായ ഈ യുദ്ധവിമാനം 60 വർഷം നീണ്ട സേവനമാണ് അവസാനിപ്പിക്കുന്നത്. കാലപ്പഴക്കവും ഇടയ്ക്കിടെ ഉണ്ടായ ചില അപകടങ്ങളും എല്ലാം ആണ് മിഗ്-21 വിമാനങ്ങൾ മാറ്റി സ്ഥാപിക്കാനുള്ള തീരുമാനത്തിലേക്ക് എത്തിയത്. സ്വദേശിവൽക്കരണത്തിനായുള്ള ശ്രമത്തിന്റെ ഭാഗമായി കൂടിയാണ് മിഗ്-21 സ്ക്വാഡ്രണുകളുടെ ഉപയോഗം വ്യോമസേന അവസാനിപ്പിക്കുന്നത്.
Discussion about this post