എറണാകുളം : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പു കേസുമായി ബന്ധപ്പെട്ട ആദ്യഘട്ട കുറ്റപത്രം ഇഡി ഇന്ന് സമർപ്പിക്കും. ഇന്ന് ഉച്ചയോടെ കൊച്ചിയിലെ പ്രത്യേക കോടതിയിലായിരിക്കും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് 12,000 പേജുള്ള കുറ്റപത്രം സമർപ്പിക്കുന്നത്. ആദ്യഘട്ട കുറ്റപത്രത്തിൽ 50 പേരെയാണ് പ്രതിചേർത്തിരിക്കുന്നത്. സതീഷ്കുമാറിനെ മുഖ്യ പ്രതിയാക്കിയാണ് ഇഡി കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. ബാങ്കിൽ 90 കോടിയുടെ കള്ളപ്പണ ഇടപാടുകൾ കണ്ടെത്തിയതായും ഇഡിയുടെ കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു.
കേസുമായി ബന്ധപ്പെട്ട് ഉന്നതബന്ധങ്ങളിൽ ഇഡി അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് ആദ്യ ഘട്ട കുറ്റപത്രം സമർപ്പിക്കുന്നത്.ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് കേരള പോലീസിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇ ഡി അന്വേഷണം നടക്കുന്നത്. കേസ് അന്വേഷിക്കുന്നതിനിടയിൽ 87.75 കോടിയുടെ സ്വത്തുവകകൾ ഇഡി കണ്ടുകെട്ടിയിരുന്നു.ബാങ്കിൽ കള്ളപ്പണം വെളുപ്പിച്ചവരുടെ ബാങ്ക് നിക്ഷേപങ്ങളും സ്വത്തുവകകളാണ് ഇ ഡി കണ്ടുകെട്ടിയത്. കേസിൽ അറസ്റ്റിലായ പി സതീഷ്‌കുമാർ, വടക്കാഞ്ചേരി നഗരസഭാംഗവും സിപിഎം ലോക്കൽ കമ്മിറ്റിയംഗവുമായ പി ആർ അരവിന്ദാക്ഷൻ, ഇടനിലക്കാരൻ പി പി കിരൺ,കരുവന്നൂർ ബാങ്ക് മുൻ അക്കൗണ്ടന്റ് സി കെ ജിൽസ് എന്നിവർക്കെതിരെയുള്ള കുറ്റപത്രമാണ് ഇഡി ഇന്ന് സമർപ്പിക്കുന്നത്. ബാങ്കിലെ ഭരണസമിതിയുടെയും രാഷ്ട്രീയ നേതൃത്വത്തിന്‍റെയും അറിവോടെയാണ് തട്ടിപ്പ് നടത്തിയതെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. 180 കോടിയിലധികം രൂപയുടെ കള്ളപ്പണ ഇടപാടുകൾ നടത്തിയതായും ഇ ഡി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം സർക്കാരിന്റെ പുതിയ പാക്കേജ് പ്രകാരം കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിക്ഷേപകരുടെ പണം ഇന്നുമുതൽ നൽകുമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അറിയിച്ചു. കാലാവധി പൂർത്തിയാക്കിയ അൻപതിനായിരം മുതൽ ഒരുലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങൾ ഇന്നുമുതൽ പിൻവലിക്കാൻ സാധിക്കും. ഈ മാസം 20 മുതൽ ബാങ്കിന്റെ എല്ലാ ബ്രാഞ്ചുകളിൽനിന്നും അമ്പതിനായിരം വരെ പിൻവലിക്കാമെന്നും കമ്മിറ്റി അറിയിച്ചു.
Discussion about this post