സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്ക് നല്‍കുന്ന കേരള സര്‍ക്കാരിന്റെ പരമോന്നത പുരസ്‌കാരമായ എഴുത്തച്ഛന്‍ പുരസ്‌കാരത്തിനായി ഈ വര്‍ഷം ഭാഷാചരിത്ര പണ്ഡിതനും നിരൂപകനുമായ പ്രൊഫ എസ് കെ വസന്തനെ തിരഞ്ഞെടുത്തതായി സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. അഞ്ച് ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡോ. അനില്‍ വള്ളത്തോള്‍ ചെയര്‍മാനും ഡോ. ധര്‍മരാജ് അടാട്ട്. ഡോ. ഖദീജ മുംതാസ്. ഡോ. പി സോമന്‍ എന്നിവരടങ്ങിയ സമിതിയാണ് പുരസ്‌കാര നിര്‍ണ്ണയം നടത്തിയത്.
പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമെന്നും ഇരട്ടി മധുരമായി കാണുന്നുവെന്നും അദ്ദേഹം പറഞ്ഞു. എഴുത്തു മരിക്കുന്നു എന്ന് പറയുന്നില്ല പക്ഷേ വായന മരിക്കുന്നു എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നോവലിസ്റ്റും കഥാകൃത്തും ചരിത്ര ഗവേഷകനുമായ അദ്ദേഹം വിവിധ വിഷയങ്ങളിലായി നിരവധി പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. 35 വര്‍ഷത്തോളം കാലടി ശ്രീശങ്കര കോളേജിലും ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലും അദ്ധ്യാപകനായിരുന്നു. ഉപന്യാസം, നോവല്‍, ചെറുകഥ, കേരള ചരിത്രം, വിവര്‍ത്തനം എന്നിങ്ങനെ വിവിധ ശാഖകളിലായി എസ് കെ വസന്തന്‍ രചിച്ച പുസ്തകങ്ങള്‍ പണ്ഡിതരുടെയും സഹൃദയരുടെയും സജീവമായ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ടെന്ന് പുരസ്‌കാര നിര്‍ണ്ണയസമിതി അഭിപ്രായപ്പെട്ടു.
കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍, കേരള സാഹിത്യ അക്കാദമി അംഗം എന്നീ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. ‘കേരള സാംസ്‌കാരിക ചരിത്ര നിഘണ്ടു’ എന്ന പുസ്തകത്തിന് വൈജ്ഞാനിക സാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ, നമ്മള്‍ നടന്ന വഴികള്‍, പടിഞ്ഞാറന്‍ കാവ്യമീമാംസ, സാഹിത്യസംവാദങ്ങള്‍ തുടങ്ങിയവ വൈജ്ഞാനികസാഹിത്യത്തിന് മികച്ച ഉപലബ്ധികളാണ്. കേരളത്തിന്റെ ബഹുസ്വരമായ സാമൂഹ്യനവോത്ഥാനത്തെ അടയാളപ്പെടുത്തുന്ന ‘കാലം സാക്ഷി’ എന്ന ബൃഹദാഖ്യായിക ശ്രദ്ധേയമായ വായനാനുഭവം കാഴ്ച വെക്കുന്നു
എറണാകുളം ഇടപ്പള്ളിയില്‍ കരുണാകര മേനോന്റെയും തത്തംപള്ളി സരസ്വതി അമ്മയുടെയും മകനായി 1935-ലാണ് ഡോ. എസ്.കെ വസന്തന്‍ ജനിച്ചത്. മലയാളത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും കേരള സര്‍വകലാശാലയില്‍ നിന്നും ബിരുദാനന്തര ബിരുദത്തിനുശേഷം ഡോക്ടറേറ്റ് നേടി. ഒഎന്‍വി കുറിപ്പ്, ഡോ.എം ലീലാവതി, പ്രൊഫ. എം.കെ സാനു എന്നിവരുടെ ശിഷ്യനായിരുന്നു എസ്.കെ വസന്തന്.












