ടെൽ അവീവ് : ഹമാസിന്റെ സെൻട്രൽ ജബാലിയ ബറ്റാലിയൻ കമാൻഡർ ഇബ്രാഹിം ബിയാരിയെ ഇസ്രായേൽ പ്രതിരോധ സേന വധിച്ചെന്ന് റിപ്പോർട്ട്. വാർത്ത ഇസ്രായേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു. വ്യോമാക്രമണത്തിലൂടെ ആണ് ഇബ്രാഹിം ബിയാരിയെ വധിച്ചത് എന്ന് ഐഡിഎഫ് വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരം ആണ് ഇസ്രായേലിന്റെ യുദ്ധവിമാനങ്ങൾ ജബാലിയ മേഖലയിൽ വ്യോമാക്രമണം നടത്തുകയും ഹമാസിന്റെ മുഖ്യ നേതാവിനെ കൊലപ്പെടുത്തുകയും ചെയ്തത്.
നിരന്തരമായി ഇസ്രായേലിനെതിരെ ആക്രമണം നടത്തിയിരുന്ന വ്യക്തിയാണ് ഹമാസ് നേതാവ് ഇബ്രാഹിം ബിയാരി. കഴിഞ്ഞ ഒക്ടോബർ 7ന് ഇസ്രായേലിൽ നടന്ന ഭീകരാക്രമണത്തിനും ചുക്കാൻ പിടിച്ചത് ബിയാരി ആയിരുന്നു. ഇയാളെ കൂടാതെ മറ്റു നിരവധി ഹമാസ് ഭീകരരും ചൊവ്വാഴ്ച നടന്ന വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ സേന സ്ഥിരീകരിച്ചു.
2004-ൽ 13 ഇസ്രായേലികൾ കൊല്ലപ്പെട്ട അഷ്‌ഡോദ് തുറമുഖത്ത് നടന്ന ഭീകരാക്രമണം നടത്തിയ ഹമാസ് നേതാവും കൂടിയാണ് ഇബ്രാഹിം ബിയാരി. ജബാലിയയിൽ അഭയാർത്ഥി കേന്ദ്രം എന്ന പേരിലാണ് ഈ ഹമാസ് സംഘം പ്രവർത്തിച്ചിരുന്നത്. മേഖലയിലെ സാധാരണ ജനങ്ങളോട് തെക്കൻ പ്രവിശ്യയിലേക്ക് ഒഴിഞ്ഞുപോകാനായി ഐഡിഎഫ് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ഇതിനുശേഷം നടത്തിയ വ്യോമാക്രമണത്തിലാണ് ബിയാരി അടക്കമുള്ള നിരവധി ഹമാസ് ഭീകരർ കൊല്ലപ്പെട്ടത്.
Discussion about this post