ന്യൂഡൽഹി: നഗരത്തിലെ വർദ്ധിച്ചുവരുന്ന അന്തരീക്ഷ മലിനീകരണത്തിൽ അരവിന്ദ് കെജ്‌രിവാൾ സർക്കാരിനെതിരെ ആഞ്ഞടിച്ച് ഡൽഹി ബിജെപി. പ്രതിഷേധത്തിൻറെ ഭാഗമായി നേതാക്കൾ രാജീവ് ചൗക്കിൽ മാസ്കുകൾ വിതരണം ചെയ്തു. ജനങ്ങൾക്കിടയിൽ ഭയം സൃഷ്ടിക്കാനല്ല, ഡൽഹിയിലെ മലിനീകരണം ഒഴിവാക്കാനാണ് മാസ്‌കുകൾ വിതരണം ചെയ്തതെന്ന് ഡൽഹി ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്‌ദേവ പറഞ്ഞു.
അതേസമയം ഡൽഹിയിലെ തിരക്കേറിയ ആശുപത്രികൾ നഗര മലിനീകരണത്തിന് നേർക്കാഴ്ചയാണെന്ന് ബിജെപി എംപി മനോജ് തിവാരി ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ മാസ്‌കുകൾ വിതരണം ചെയ്യാനുള്ള തീരുമാനത്തെ വിമർശിച്ചു കൊണ്ടാണ് ബിജെപി യുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടത്. മലിനീകരണം നിയന്ത്രിക്കാൻ എല്ലാ ഫണ്ടുകളും ഉള്ള സർക്കാരിന് ഇപ്പോഴും മാസ്‌ക് വിതരണം ചെയ്യേണ്ടിവരുന്ന സാഹചര്യത്തെ ബിജെപി നേതാവ് മനോജ് തിവാരി ശക്തമായി വിമർശിച്ചു.
ഡൽഹിയിലെ അന്തരീക്ഷ മലിനീകരണത്തിൻ്റെ തോത് കൂടുകയും വായു ഗുണനിലവാരം മോശമാവുകയും ചെയ്ത സാഹചര്യത്തിൽ പ്രശ്നപരിഹാരമായി എൻ-95 മാസ്കുകൾ വൻതോതിൽ വാങ്ങാൻ ഡൽഹി സർക്കാർ പദ്ധതിയിടുന്നതായി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പ്രസ്താവന ഇറക്കിയിരുന്നു. ‘ 5 വർഷമായിട്ടും ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിൽ ആം ആദ്മി പാർട്ടി (എഎപി) പരാജയപ്പെട്ടു. മലിനീകരണം നിയന്ത്രിക്കുന്നതിനുമപ്പുറം മലിനീകരണ തോത് കൂട്ടുകയാണ് സർക്കാർ ചെയ്യുന്നത്’ മനോജ് തിവാരി ചൂണ്ടിക്കാട്ടി.
Discussion about this post