പൂനെ: ക്രിക്കറ്റ് ലോകകപ്പിൽ ന്യൂസിലൻഡിനെതിരെ ദക്ഷിണാഫ്രിക്ക തകർപ്പൻ ജയം നേടിയതോടെ സെമി ഫൈനലിൽ കടക്കാനുള്ള ടീമുകളുടെ സാധ്യതകൾ മാറിമറിയുന്നു. പോയിന്റ് പട്ടികയിൽ 7 മത്സരങ്ങളിൽ നിന്നും 12 പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് നിലവിൽ ഒന്നാമത്. 6 മത്സരങ്ങളിൽ നിന്നും ഇന്ത്യക്കും 12 പോയിൻറ്റ് ഉണ്ട്. എന്നൽ മികച്ച റൺ റേറ്റാണ് ദക്ഷിണാഫ്രിക്കയെ മുന്നിൽ നിർത്തുന്നത്. ഇന്ന് നടക്കുന്ന മത്സരത്തിൽ ശ്രീലങ്കയെ പരാജയപ്പെടുത്തിയാൽ ഇന്ത്യക്ക് വീണ്ടും ഒന്നാമതെത്താം. നിലവിൽ ഇന്ത്യയുടെയും ദക്ഷിണാഫ്രിക്കയുടെയും നില ഏറെക്കുറേ സുരക്ഷിതമാണ്.
എന്നാൽ ദക്ഷിണാഫ്രിക്കക്കെതിരെ തോൽവി വഴങ്ങിയതോടെ ന്യൂസിലൻഡിന്റെ സെമി സാധ്യത തുലാസിലായി. ഇതോടെ പാകിസ്താന്റെയും അഫ്ഗാനിസ്ഥാന്റെയും വിദൂര സാധ്യതകളും സജീവമായി. ഓസ്ട്രേലിയക്കും തുടർന്നുള്ള മത്സരങ്ങൾ നിർണായകമാണ്.
നിലവിൽ 7 മത്സരങ്ങളിൽ നിന്നും 8 പോയിന്റ് ആണ് ന്യൂസിലൻഡിന്റെ സമ്പാദ്യം. ഓസ്ട്രേലിയക്ക് 6 മത്സരങ്ങളിൽ നിന്നും 8 പോയിന്റ് ഉണ്ട്. റൺ റേറ്റ് ഇവിടെയും പ്രധാന ഘടകമാണ്. പാകിസ്താനും അഫ്ഗാനിസ്ഥാനും 6 മത്സരങ്ങളിൽ നിന്നും 6 വീതം പോയിന്റുകൾ ഉണ്ട്. ന്യൂസിലൻഡിനൊപ്പം ഈ മൂന്ന് ടീമുകൾക്കും നിലവിൽ സെമി സാധ്യത സജീവമായിരിക്കുകയാണ്.
ലോകകപ്പ് തുടങ്ങുന്നതിന് മുൻപ് റൗണ്ട് റോബിൻ സംവിധാനം ഏറെ പഴി കേട്ടിരുന്നു. പ്രബല ടീമുകൾ മാത്രം പരസ്പരം ഏറ്റുമുട്ടുന്നതിനെ ലോകകപ്പ് എന്ന് വിശേഷിപ്പിക്കാൻ പോലും സാധിക്കില്ലെന്ന് ക്രിക്കറ്റ് പണ്ഡിതർ അഭിപ്രായപ്പെട്ടിരുന്നു. എന്നാൽ, നിലവിൽ ഈ ലോകകപ്പിനെ ഏറ്റവും ആവേശകരമാക്കി മാറ്റിയിരിക്കുന്നതും പ്രാഥമിക റൗണ്ടിലെ അവസാന മത്സരം വരെ നിർണായകമാക്കി നിലനിർത്തുന്നതും ഇതേ റൗണ്ട് റോബിന്റെ ആവേശമാണ്. എന്നാൽ, കൂടുതൽ അസോസിയേറ്റ് രാജ്യങ്ങളുടെ പങ്കാളിത്തം നിഷേധിക്കപ്പെട്ടതും, അഫ്ഗാനിസ്ഥാനും നെതർലൻഡ്സും പോലുള്ള ചെറിയ ടീമുകളുടെ വലിയ വിജയങ്ങൾക്ക് അർഹിക്കുന്ന പ്രോത്സാഹനം ലഭിക്കാതെ പോകുന്നതും ഈ സംവിധാനത്തിന്റെ ന്യൂനതയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
Discussion about this post