ന്യൂഡൽഹി: പാർലമെന്റിൽ ചോദ്യം ചോദിക്കാൻ കോഴ വാങ്ങി എന്ന ആരോപണം നേരിടുന്ന തൃണമൂൽ കോൺഗ്രസ് എം പി മഹുവ മൊയിത്ര ഇന്ന് പാർലമെന്ററി എത്തിക്ക്സ് കമ്മിറ്റിക്ക് മുന്നിൽ ഹാജരാകും. മൊയിത്രയുടെ പാർലമെന്റ് അക്കൗണ്ട് ദുബായിൽ നിന്നും 47 തവണ ഉപയോഗിക്കപ്പെട്ടതായി ബിജെപി ആരോപിക്കുന്നു. പാർലമെന്റ് അംഗമായിരിക്കെ മൊയിത്ര അനധികൃതമായി നടത്തിയ 14 വിദേശയാത്രകളുടെ വിവരങ്ങളും ബിജെപി ചൂണ്ടിക്കാട്ടുന്നു.
ഒക്ടോബർ 31ന് ഹാജരാകണമെന്നാണ് മൊയിത്രയോട് ലോക്സഭാ എത്തിക്സ് കമ്മിറ്റി നേരത്തേ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ നവംബർ 5 വരെ ഹാജരാകാൻ സമയം നീട്ടി നൽകണമെന്ന് അവർ ആവശ്യപ്പെടുകയായിരുന്നു. ഇത് പൂർണമായി അനുവദിക്കാനാവില്ലെന്ന് വ്യക്തമാക്കിയ സമിതി, നവംബർ 2ന് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു.
വിവാദ വ്യവസായി ദർശന ഹിരാനന്ദാനിയുടെ നിർദേശ പ്രകാരം തന്റെ പാർലമെന്ററി അക്കൗണ്ട് ദുരുപയോഗം ചെയ്ത് മഹുവ മൊയിത്ര ചോദ്യങ്ങൾ ചോദിച്ചുവെന്നും അതിനായി ഇവർ കോഴപ്പണം കൈപ്പറ്റിയെന്നുമാണ് ബിജെപി എം പി നിശികാന്ത് ദുബെ ആരോപിക്കുന്നത്. അദാനി ഗ്രൂപ്പിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉന്നം വെച്ച് ചോദ്യങ്ങൾ ചോദിക്കാൻ മൊയിത്രക്ക് താൻ കോഴപ്പണം നൽകിയെന്ന് സത്യവാങ്മൂലത്തിൽ ഹിരാനന്ദാനി വ്യക്തമാക്കിയിരുന്നു. ഇതാണ് മൊയിത്രയെ വെട്ടിലാക്കിയിരിക്കുന്നത്.
ഹിരാനന്ദാനിയിൽ നിന്നും താൻ പണമൊന്നും വാങ്ങിയിട്ടില്ലെന്നും, എന്നാൽ പാരിതോഷികങ്ങളായി ഒരു തൂവാലയും ഒരു ലിപ്സ്റ്റിക്കും ഒരു ഐ ഷാഡോയുമാണ് വാങ്ങിയതെന്നും മഹുവ മൊയിത്ര പറയുന്നു. തന്റെ പാർലമെന്റ് ലോഗിൻ ഐഡിയും പാസ്വേഡും ദർശൻ ഹിരാനന്ദാനിക്ക് നൽകിയിരുന്നതായും ഇവർ സമ്മതിച്ചിരുന്നു.











