ആലപ്പുഴ : ജനങ്ങളുമായി അടുത്തിടപഴകുന്നവർ അധികാരത്തിൽ എത്തുന്നില്ലെന്ന് മുൻമന്ത്രി ജി സുധാകരൻ.വോട്ട് ചെയ്യും എന്നല്ലാതെ കേരളം എങ്ങനെ രൂപപ്പെട്ടു എന്നുള്ള ബോധം ജനങ്ങൾക്ക് നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ എസ് ഡി കോളേജിൽ കേരളപ്പിറവി ആഘോഷം ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കവികളെയും സാഹിത്യകാരന്മാരേയും ഓർക്കാതെയുള്ള ആഘോഷം ചരിത്രത്തോടുള്ള നീതികേടാണ്. വിദ്യാർഥി രാഷ്ട്രീയത്തിൽ ഉൾപ്പെടെ എതിരാളികളോട് മോശം പെരുമാറ്റമാണ് ഉണ്ടാകുന്നത്. മലയാളിയുടെ അസ്തിത്വം മലയാള ഭാഷയാണ്. സംസ്ഥാനം രൂപീകരിച്ചിരിക്കുന്നത് ഭാഷയുടെ അടിസ്ഥാനത്തിലാണ്. മലയാളം ലോകോത്തര ഭാഷയാണ്. ഭാഷയ്ക്കു സാംസ്‌കാരികപരമായും ചരിത്രപരമായും പ്രാധാന്യമുണ്ട്. മലയാളഭാഷയുടെ ലിപിമാറ്റണമെന്ന വാദത്തോട് യോജിക്കാനാവില്ല. മറ്റെല്ലാ ഭാഷയേയും അംഗീകരിച്ചുകൊണ്ടുതന്നെ സ്വന്തം ഭാഷയെ സ്നേഹിക്കണമെന്നും സുധാകരൻ പറഞ്ഞു.
എസ്.ഡി. കോളേജ് മലയാള-സംസ്കൃതം വകുപ്പുകളുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ പ്രിൻസിപ്പൽ കെ.എച്ച്. പ്രേമ, അധ്യാപകരായ ഡി. സിന്ധു അന്തർജനം, എസ്. അജയകുമാർ, കെ. നാരായണൻ തുടങ്ങിയവർ സംസാരിച്ചു.
Discussion about this post