ഡല്‍ഹി: സൗദിയില്‍ മൂന്ന് മലയാളി യുവാക്കളെ തൊഴിലുടമ മര്‍ദ്ദിച്ച സംഭവത്തില്‍ ഇന്ത്യന്‍ എംബസിയോട് റിപ്പോര്‍ട്ട് തേടിയതായി വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് പറഞ്ഞു. ഇവര്‍ക്ക് പൊലീസ് സംരക്ഷണം ഉറപ്പാക്കാനുളള നടപടികളെടുക്കണമെന്നും എംബസിയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സുഷമാ സ്വരാജ് വ്യക്തമാക്കി.
സംഭവത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിയ്ക്കുമെന്നും യുവാക്കള്‍ക്ക് സുരക്ഷ ഉറപ്പാക്കുമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് തൊഴില്‍ തട്ടിപ്പിനിരയായത് ചോദ്യം ചെയ്ത മൂന്ന് മലയാളി യുവാക്കളെ തൊഴിലുടമ ക്രൂരമായി മര്‍ദ്ദിയ്ക്കുന്ന ദൃശ്യങ്ങള്‍ വാട്സാപ്പ് വഴി പുറത്തു വന്നത്.
ഹരിപ്പാട് ഏവൂര്‍ സ്വദേശി ബൈജു, വിമല്‍കുമാര്‍, അഭിലാഷ് എന്നിവര്‍ക്കാണ് മര്‍ദ്ദനമേറ്റത്. ഇവരെ വലിയ മരക്കഷ്ണം കൊണ്ട് തല്ലുന്നതും റോഡിലൂടെ വലിച്ചിഴയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇവരുടെ പാസ്പോര്‍ട്ട്, തൊഴില്‍ പെര്‍മിറ്റ്, ബാഗുകള്‍ എന്നിവയും തൊഴിലുടമ പിടിച്ചെടുത്തിരുന്നു. യെമന്‍ അതിര്‍ത്തിയിലെ ചില മലയാളികളുടെ സംരക്ഷണയിലാണ് ഈ യുവാക്കള്‍ ഇപ്പോഴുള്ളത്.
സൗദിയിലെ കമ്പനിയില്‍ ഇലക്ട്രീഷ്യന് തസ്തികയില്‍ ജോലി വാഗ്ദാനം ചെയ്താണ് ഇവരെ കൊണ്ടുപോയതെങ്കിലും നല്‍കിയത് ഇഷ്ടികച്ചൂളയിലെ ചുമടെടുപ്പ് ജോലിയായിരുന്നു. ഇതിനെതിരെ പരാതി നല്‍കിയതാണ് തൊഴിലുടമയെ പ്രകോപിപ്പിച്ചത്.
Discussion about this post