ശ്രീനഗർ: ജമ്മുകശ്മീരിലെ ഷാൽടെങ് മേഖലയിൽ നിന്നും അൽ-ബാദർ ഭീകര സംഘടനയിൽ പ്രവർത്തിച്ച രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായും പോലീസ് അറിയിച്ചു.
ഷാൽടെങ് പാലത്തിന് സമീപമുള്ള സുരക്ഷാ ചെക്ക് പോയിന്റിൽ രാത്രി വൈകി നടത്തിയ പരിശോധനയിലാണ് നിരോധിത ഭീകര സംഘടനയായ അൽ-ബാദറുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച രണ്ട് ഭീകരരെ അറസ്റ്റ് ചെയ്തതത്. വടക്കൻ കശ്മീരിലെ ബന്ദിപ്പോര ജില്ലയിലെ സദർബാലയിൽ താമസിക്കുന്ന യവാർ റഷീദ്, ബാസിത് നബി എന്നിവരാണ് പിടിയിലായത്.
തിരച്ചിലിനിടെ, ഒരു പിസ്റ്റൾ, രണ്ടു സെറ്റ് തിരകൾ , 28 പിസ്റ്റൾ റൗണ്ടുകൾ, ഒരു ഹാൻഡ് ഗ്രനേഡ് എന്നിവയുൾപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും ഇവരിൽ നിന്ന് കണ്ടെടുത്തതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംഭവത്തിൽ പാംപോര പോലീസ് സ്‌റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
2002 ഏപ്രിലിലാണ് അൽ ബാദറിനെ കേന്ദ്രസർക്കാർ നിരോധിച്ചത്. കഴിഞ്ഞ ജൂലൈയിലും അൽ ബാദറുമായി ബന്ധമുളള ഹൈബ്രിഡ് ഭീകരവാദിയെ ശ്രീനഗറിൽ സുരക്ഷാസേന പിടികൂടിയിരുന്നു.
Discussion about this post