തിരുവനന്തപുരം: പലസ്തീൻ റാലിയിലേക്ക് സിപിഎം ക്ഷണിച്ചാൽ വരുമെന്ന കാര്യം ആലോചിക്കുമെന്ന ലീഗ് നിലപാടിൽ പ്രതികരണവുമായി സിപിഎം നേതാവ് എകെ ബാലൻ. കോൺഗ്രസിന്റെ കക്ഷത്തെ കീറസഞ്ചിയല്ല മുസ്ലീം ലീഗെന്ന് ആ പാർട്ടി പ്രഖ്യാപിച്ചിരിക്കുകയാണെന്ന് എകെ ബാലൻ പറഞ്ഞു.
മുസ്ലീം ലീഗ് ചില കാര്യങ്ങളിൽ അന്തസ്സുള്ള തീരുമാനം എടുക്കുന്നതായി ബാലൻ പറഞ്ഞു. സിപിഎമ്മിന്റെ റാലിക്കു വരാൻ തയാറാണ് എന്ന നിലപാടാണ് ലീഗിനെന്ന് ബാലൻ പറഞ്ഞു. ശക്തമായ രാഷ്ട്രീയ തീരുമാനം ലീഗ് എടുത്തു കഴിഞ്ഞു. കോൺഗ്രസ് എടുക്കുന്ന സമീപനത്തെ ഒരുതരത്തിലും പിന്തുണയ്ക്കാൻ കഴിയാത്ത അവസ്ഥയിലാണ് ലീഗെന്ന് എകെ ബാലൻ കൂട്ടിച്ചേർത്തു.
രാജ്യത്തെ ബാധിക്കുന്ന കാര്യങ്ങളിൽ ഇടതുപക്ഷ തീരുമാനങ്ങൾക്ക് അനുകൂലമായ സമീപനമാണ് ലീഗ് സ്വീകരിക്കുന്നത്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മാഷിനുള്ള പിന്തുണയും ഗവർണറെ വിമർശിക്കുന്നതിലും അത് കണ്ടതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കോൺഗ്രസിന്റെ തെറ്റായ വ്യാഖ്യാനങ്ങളെ ലീഗ് തിരുത്തുന്നു. കോൺഗ്രസിന്റെ വെറുപ്പുണ്ടായിട്ടും സിപിഎം റാലിയിൽ സഹകരിക്കുമെന്ന് പറയുന്നതിലൂടെ ലീഗ് നൽകുന്നത് സന്ദേശമാണെന്ന് അദ്ദേഹം വ്യക്തമാക്കി.












