എറണാകുളം : റബ്കോയിൽ നടന്നത് സിപിഎം നേതൃത്വത്തിലുള്ള വൻ അഴിമതിയെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. സിപിഎം നേതാക്കളുടെ അഴിമതിയെ ഫണ്ട് ചെയ്യുന്ന സർക്കാരായി പിണറായി വിജയൻ സർക്കാർ മാറിയെന്നും അദ്ദേഹം പറഞ്ഞു. 2019 ൽ സർക്കാർ 238 കോടി രൂപയാണ് റബ്ക്കോയ്ക്ക് നൽകിയത്.പലിശ സഹിതം പതിനൊന്ന് തവണകളായി തിരിച്ച് അടയ്ക്കണം എന്നായിരുന്നു ധാരണ.എന്നാൽ പണം തിരിച്ചടച്ചില്ല. റബ്കോയ്‌ക്കെതിരെ സർക്കാർ ഒരുനടപടിയും എടുത്തില്ലെന്നും മാത്യു കുഴൽനാടൻ ചൂണ്ടിക്കാട്ടി. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല. വരും നാളുകളിൽ ഈ പണം എഴുതിതള്ളാനാണ് നീക്കമെന്നും അദ്ദേഹം പറഞ്ഞു.
മാസപ്പടി വിവാദം പിണറായി വിജയനിലേക്ക് എത്തുന്നത് തടയാൻ ആസൂത്രിത നീക്കം നടക്കുന്നുണ്ട്. ഇതുസംബന്ധിച്ചുള്ള പല വിഷയങ്ങൾക്കും സർക്കാർ വകുപ്പുകളിൽ നിന്നും മറുപടി ലഭിക്കുന്നില്ല. എംഎൽഎ എന്ന നിലയിൽ നൽകിയ കത്തുകൾക്കുപോലും മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തു നടക്കുന്ന അഴിമതികൾ മറച്ചുപിടിക്കാൻ വേണ്ടി സർക്കാർ വകുപ്പുകളെ പിണറായി വിജയൻ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിർണായകമായ കാര്യങ്ങളിൽ മറുപടി നൽകാത്തത് മാസപ്പടി വിവാദം മുഖ്യമന്ത്രിയിൽ എത്തും എന്നതിനാലാണ്. വിജിലൻസ് അന്വേഷണങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് ചോദിച്ചത്. സെപ്തംബർ 21ന് അപേക്ഷ നൽകിയതാണ് . എന്നാൽ ഇതുവരെ മറുപടിയൊന്നും ലഭിച്ചില്ലെന്നും കുഴൽനാടൻ പറഞ്ഞു.
Discussion about this post