നോയിഡ: വിഷ പാമ്പുകളും പാമ്പിൻ വിഷവുമായി നശാ പാർട്ടി നടത്തിയതിന് ബിഗ്ബോസ്സ് ഒടിടി ജേതാവും യൂട്യൂബറുമായ എല്‍വിഷ് യാദവിനെതിരെ കേസെടുത്ത് പോലീസ്. നോയിഡ പോലീസാണ് എല്‍വിഷ് യാദവിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തത്. സംഭവത്തിൽ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പാമ്പിനെ എടുത്ത് എല്‍വിഷ് യാദവ് കളിക്കുന്ന വീഡിയോ പുറത്ത് വന്നിരുന്നു. 20 മില്ലിലിറ്റർ പാമ്പിന്‍ വിഷം, അഞ്ച് മൂർഖൻ, ഒരു പെരുമ്പാമ്പ്, ഇരുതലമൂരി, ഒരു റാറ്റ് സ്നേക്ക് എന്നിവ പരിശോധനയിൽ കണ്ടെടുത്തതായി നോയിഡ പോലീസ് അറിയിച്ചു.
അറസ്റ്റിലായവരെ പോലീസ് ചോദ്യം ചെയ്തതിൽ നിന്നാണ് എൽവിഷ് യാദവിന്റെ പേര് ഇവർ പറഞ്ഞത്. ബിഗ് ബോസ് ഒടിടി വിജയികളുടെ പാർട്ടികളിലേക്ക് പാമ്പുകളെ വിതരണം ചെയ്യാറുണ്ടായിരുന്നുവെന്ന് പ്രതികൾ വെളിപ്പെടുത്തി.
അതേസമയം, തനിക്കെതിരേ ഉയർന്ന ആരോപണങ്ങൾ എൽവിഷ് നിഷേധിച്ചു, അവയിൽ ഒരു സത്യവുമില്ലെന്നും പോലീസുമായി സഹകരിക്കാൻ താൻ തയ്യാറാണെന്നും എൽവിഷ് പറഞ്ഞു. കേസിലെ എന്റെ പങ്കാളിത്തത്തിൽ 0.1 ശതമാനം സത്യമെങ്കിലും കണ്ടെത്തിയാൽ അതിന്റെ പൂർണ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുമെന്നും അദ്ദേഹം ഇൻസ്റ്റാഗ്രാം പോസ്റ്റിൽ പറഞ്ഞു.
എൽവിഷ് യാദവിന് വേണ്ടി പോലീസ് തിരച്ചിൽ നടത്തുന്നുണ്ടെന്നും അന്വേഷണം തുടരുകയാണെന്നും നോയിഡ ഡിസിപി വിശാൽ പാണ്ഡെ പറഞ്ഞു. പാമ്പിനെ ഉപയോഗിച്ച് വീഡിയോ ചെയ്യുന്ന എൽവിഷിനും കൂട്ടാളികൾക്കുമെതിരെ പീപ്പിൾ ഫോർ അനിമൽ (പിഎഫ്‌എ) സംഘടനയിലെ മൃഗക്ഷേമ ഓഫീസർ ഗൗരവ് ഗുപ്ത പരാതി നൽകിയിരുന്നു.
പാമ്പിന്‍റെ വിഷവും മയക്കുമരുന്നും ആസ്വദിക്കാന്‍ വിദേശ വനിതകളെ ക്ഷണിക്കുന്ന റേവ് പാർട്ടികൾ എല്‍വിഷ് നിയമവിരുദ്ധമായി സംഘടിപ്പിക്കുന്നുവെന്നും ഗൗരവ് ആരോപിച്ചു. മനേക ഗാന്ധിയുമായി ബന്ധപ്പെട്ട പിഎഫ്എയ്ക്ക് ഇതേ കുറിച്ചുള്ള വിവരങ്ങൾ ലഭിക്കുകയും ഉപഭോക്താവെന്ന വ്യാജേന എൽവിഷുമായി ബന്ധപ്പെടുകയായിരുന്നു. ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് ഉദ്യോഗസ്ഥർക്കും പോലീസിനും സൂചന ലഭിച്ചിരുന്നു. തുടർന്ന് അവർ സെക്‌റ്റർ -51 സെവ്‌റോൺ ബാങ്ക്വറ്റ് ഹാൾ റെയ്ഡ് ചെയ്യുകയായിരുന്നു. എല്‍വിഷിന്‍റെ സഹായികളായ ഡൽഹി സ്വദേശികളായ രാഹുൽ, ടിറ്റുനാഥ്, ജയകരൻ, നാരായൺ, രവിനാഥ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
Discussion about this post