കഴിഞ്ഞ വര്‍ഷം കേരളത്തിലുണ്ടായ റോഡപകടങ്ങളില്‍ 25 ശതമാനം ഉണ്ടാക്കിയത് ലൈസന്‍സില്ലാത്ത ഡ്രൈവര്‍മാരെന്ന് റിപ്പോര്‍ട്ട്. പല റോഡപകടകേസുകളിലും വാഹനമോടിച്ച ഡ്രൈവര്‍മാരുടെ ലൈസന്‍സ് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. ഇതിന്റെ കാരണമെന്തെന്ന് അറിയാന്‍ സംസ്ഥാനത്തെ മോട്ടോര്‍ വാഹന വകുപ്പിനോട് പ്രതികരണം തേടിയെങ്കിലും അതിനു സാധിച്ചില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഡ്രൈവര്‍മാരുടെ ലൈസന്‍സ് സംബന്ധിച്ച വിശദാംശങ്ങള്‍ അറിയാനാകാത്ത അപകടങ്ങളില്‍ മുന്‍പന്തിയിലുള്ള സംസ്ഥാനമാണ് കേരളം എന്ന് മുന്‍വര്‍ഷങ്ങളിലെ കണക്കുകളും വ്യക്തമാക്കുന്നു.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പൊതുമരാമത്തു വകുപ്പിനു കീഴിലുള്ള ദേശീയപാതകളുടെ കാര്യമെടുത്താല്‍, 2022ല്‍ ഏറ്റവും കൂടുതല്‍ കാല്‍നടയാത്രക്കാരും ഇരുചക്രവാഹന യാത്രികരും മരിച്ചത് കേരളത്തിലെ ദേശീയ പാതകളിലാണെന്ന് ദേശീയ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.
മതിയായ പരിശീലനം ലഭിക്കാത്തവരും, റോഡിലേക്ക് വാഹനവുമായി ഇറങ്ങാന്‍ തക്കവണ്ണം ഡ്രൈവിങ്ങ് അറിയാത്തതുമായ ഡ്രൈവര്‍മാര്‍ വലിയ ഗതാഗതക്കുരുക്കുകള്‍ സൃഷ്ടിക്കുന്നതായും റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അപകടങ്ങളെ കൂടാതെ ഇത്തരം പ്രശ്‌നങ്ങളും അധികാരികള്‍ വേണ്ടവിധം പഠിക്കുകയും പരിഹാരം കാണുകയും ചെയ്യണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
2021-ല്‍ ലൈസന്‍സില്ലാത്ത 676 ഡ്രൈവര്‍മാരാണ് സംസ്ഥാനത്തെ റോഡുകളില്‍ അപകടങ്ങളുണ്ടാക്കിയത്. എന്നാല്‍ 2022 ല്‍ ഇത്തരം അപകടങ്ങളില്‍ 22 ശതമാനം വര്‍ധനവാണുണ്ടായത്. 193 റോഡപകടങ്ങള്‍ക്കാണ് ലേണേഴ്സ് ലൈസന്‍സ് മാത്രമുള്ള ഡ്രൈവര്‍മാര്‍ 2022-ല്‍ കാരണക്കാരായത്. എങ്കില്‍ 2021 ല്‍ ലേണേഴ്സ് ലൈസന്‍സ് ഇല്ലാത്ത 211 പേരാണ് കേരളത്തില്‍ റോഡപകടങ്ങള്‍ ഉണ്ടാക്കിയത്. പക്ഷെ 2019 ല്‍ ഈ കണക്ക് 61 ആയിരുന്നു. അതാണ് 2022 ആയപ്പോഴേക്കും 216 ശതമാനമായി വര്‍ധിച്ചത്. വളരെയധികം ആശങ്കാജനകമായ സാഹചര്യമാണിതെന്ന് വിദഗ്ദ്ധര്‍ പറയുന്നു.
ഹെല്‍മറ്റ് ഉപയോഗിക്കാത്തതു മൂലം 2022-ല്‍, 500-ലധികം പേര്‍ക്കാണ് കേരളത്തിലെ റോഡുകളില്‍ ജീവന്‍ നഷ്ടപ്പെട്ടത്. ഇവരില്‍ 305 പേര്‍ ഡ്രൈവര്‍മാരും 229 പേര്‍ യാത്രക്കാരുമാണ്. കൂടാതെ ഹെല്‍മെറ്റ് ധരിക്കാത്തതിനാല്‍, ഡ്രൈവര്‍മാരും യാത്രക്കാരും ഉള്‍പ്പെടെ 1500 ഓളം പേര്‍ക്കാണ് ഗുരുതരമായി പരിക്കേറ്റത്.
സീറ്റ് ബെല്‍റ്റ് ധരിക്കുന്ന കാര്യം പരിശോധിച്ചാല്‍, ഇക്കാര്യത്തില്‍ കൂടുതല്‍ അവബോധമുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സീറ്റ് ബെല്‍റ്റ് ധരിക്കാത്ത ഡ്രൈവര്‍മാരുടെ മരണനിരക്കില്‍ കേരളം രാജ്യത്ത് 22-ാം സ്ഥാനത്തും സീറ്റ് ബെല്‍റ്റ് ധരിക്കാത്ത യാത്രക്കാരുടെ മരണത്തില്‍ സംസ്ഥാനം 17-ാം സ്ഥാനത്തുമാണ്.












