ജയ്പുർ : രാജസ്ഥാൻ കോൺഗ്രസിലെ ആഭ്യന്തര കലഹത്തിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. രാജസ്ഥാനിൽ ജനങ്ങൾ നിങ്ങളെ തിരഞ്ഞെടുത്തത് അവരെ സേവിക്കാനാണ്. എന്നാൽ ഇപ്പോൾ നിങ്ങൾ പരസ്പരം പോരടിച്ചു കൊണ്ടിരിക്കുകയാണ്, എന്നും അശോക് ഗെഹ്‌ലോട്ട് സർക്കാരിനെ സൂചിപ്പിച്ചുകൊണ്ട് പ്രതിരോധ മന്ത്രി വ്യക്തമാക്കി.
രാജസ്ഥാനിലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജ്സമന്ദ് ജില്ലയിലെ നാഥ്ദ്വാരയിൽ ഒരു പൊതു റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. “അശോക് ഗെഹ്‌ലോട്ടിന്റെ നേതൃത്വത്തിലുള്ള സർക്കാരിൽ വിഭാഗം എംഎൽഎമാർ ഒരുപക്ഷത്തും മറ്റൊരു വിഭാഗം മറുപക്ഷത്തും ആണ്. ഒരു സർക്കാരിനും ഇത്തരത്തിൽ പ്രവർത്തിക്കാൻ കഴിയില്ല. ബിജെപിയിൽ ഒരിക്കലും ഇത്തരത്തിലുള്ള അച്ചടക്കരാഹിത്യം ഉണ്ടായിട്ടില്ല. അത്തരത്തിൽ അച്ചടക്കലംഘനം നടത്തുന്നവരോട് പാർട്ടി ഒരിക്കലും ക്ഷമിക്കുകയില്ല” എന്നും രാജനാഥ് സിംഗ് വ്യക്തമാക്കി.
” രാജസ്ഥാനിൽ ക്രമസമാധാന പാലനം തകർന്നിരിക്കുകയാണ്. കുറ്റകൃത്യങ്ങളുടെ എണ്ണം കുത്തനെ വർദ്ധിച്ചു. കഴിഞ്ഞ അഞ്ചുവർഷമായി രാജസ്ഥാനിലെ കോൺഗ്രസ് സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണ്. കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ ജാതിയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് സർക്കാർ പരിഗണിക്കുന്നത്. ശരിയായ ക്രമസമാധാന പാലനം ഇല്ലെങ്കിൽ ഒരു സർക്കാരിനും വികസനത്തിലോ അഭിവൃദ്ധിയിലോ എത്തിച്ചേരാൻ കഴിയില്ല” എന്നും പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കി.
Discussion about this post