കോതമംഗലം: തുറന്നജീപ്പിൽ അഭ്യാസം നടത്തിയ കോളേജ് വിദ്യാർത്ഥികൾക്കെതിരെ കേസ്. ഇന്ദിരാഗാന്ധി കോളേജിലെ വിദ്യാർത്ഥികളാണ് പകൽ മുഴുവൻ കോളജിനു സമീപത്തെയും കനാൽബണ്ട് റോഡുകളിലും തുറന്ന ജീപ്പിൽ നിയന്ത്രണങ്ങളില്ലാതെ കറങ്ങി നാട്ടുകാർക്ക് ശല്യമായത്.
സന്ധ്യയോടെ ജീപ്പ് നിയന്ത്രണംവിട്ടു സ്‌കൂട്ടർ യാത്രക്കാരിയെ ഇടിച്ചുവീഴ്ത്തി. ഇതോടെ നാട്ടുകാർ ഇടപെട്ടു. വിദ്യാർഥികൾ നാട്ടുകാരുമായി തർക്കത്തിലേർപ്പെട്ട സമയത്തു ചിലർ ജീപ്പ് തള്ളി കനാലിലിട്ടു. പരുക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ ചികിത്സ തേടി.
പോലീസെത്തി ജീപ്പ് കരക്കെടുക്കാൻ ശ്രമിച്ചെങ്കിലും അപകടമുണ്ടാക്കിയവരെ പിടികൂടിയ ശേഷം മതിയെന്ന നിലപാടിൽ നാട്ടുകാർ ഉറച്ചുനിന്നു. രണ്ട് വിദ്യാർത്ഥികളെ കസ്റ്റഡിയിൽ എടുത്തതോടെ രാത്രി വൈകി ക്രെയിൻ ഉപയോഗിച്ച് വാഹനം പുറത്തെടുത്തു. അറസ്റ്റിലായവരെ മനഃപൂർവമല്ലാത്ത നരഹത്യാശ്രമത്തിന് കേസെടുത്ത് കോടതിയിൽ ഹാജരാക്കി.
Discussion about this post