രാജസ്ഥാൻ: ഇപ്പോഴുള്ള സർക്കാർ ആവർത്തിക്കണമെന്ന് തന്നെയാണ് രാജസ്ഥാനിലെ ജനങ്ങളുടെ ആഗ്രഹമെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്. ‘നേരത്തെ പിന്നോക്ക സംസ്ഥാനമെന്ന് അറിയപ്പെട്ടിരുന്ന സംസ്ഥാനത്തിന് ഞാൻ മുഖ്യമന്ത്രിയായതിന് ശേഷം മാറ്റങ്ങൾ വന്നുവെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“നേരത്തെ രാജസ്ഥാൻ പിന്നോക്ക സംസ്ഥാനമാണെന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാൽ, ഇപ്പോൾ അത് മാറി. ഇന്ന് രാജസ്ഥാനിൽ എയിംസും ഐഐടിയും ഐഐഎമ്മും മറ്റ് സർവകലാശാലകളുമുണ്ട്. ഞാൻ ആദ്യമായി മുഖ്യമന്ത്രിയാകുമ്പോൾ 6 സർവകലാശാലകൾ മാത്രമുണ്ടായിരുന്ന സംസ്ഥാനത്ത് ഇപ്പോൾ നൂറിലധികം കോളേജുകളാണുള്ളത്”- മുഖ്യമന്ത്രി ഗെലോട്ട് വ്യക്തമാക്കി.
സംസ്ഥാന മന്ത്രി ശാന്തി ധരിവാളിനെ കോട്ട നോർത്ത് മണ്ഡലത്തിൽ നിർത്തിക്കൊണ്ട് 21 പേരുൾപ്പെടുന്ന ഏഴാമത്തെ സ്ഥാനാർത്ഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി. മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ വിശ്വസ്തനും രാജസ്ഥാൻ ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ ചെയർമാനുമായ ധർമേന്ദ്ര റാത്തോഡ് ഈ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. അജ്മീർ നോർത്ത് മണ്ഡലത്തിൽ നിന്ന് മഹേന്ദ്ര സിംഗ് റലവതയെ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കി. സംസ്ഥാനത്തെ കോൺഗ്രസ് ലെജിസ്ലേച്ചർ പാർട്ടി യോഗത്തിൽ പങ്കെടുക്കാതിരുന്നതിനെ തുടർന്ന് പാർട്ടിയുടെ അച്ചടക്ക സമിതി നോട്ടീസ് നൽകിയ മൂന്ന് മുതിർന്ന സംസ്ഥാന നേതാക്കളിൽ രണ്ട് പേരാണ് ധർമേന്ദ്ര റാത്തോഡും ധരിരിവാളും.
അടുത്ത മാസം തെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിൽ ഒന്നാണ് രാജസ്ഥാൻ. നവംബർ 25നാണ് രാജസ്ഥാനിൽ വോട്ടെടുപ്പ് നടക്കുക. മറ്റ് നാല് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകൾക്കൊപ്പം ഡിസംബർ 5 ന് വോട്ടെണ്ണലും നടക്കും.
Discussion about this post