ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കർണൂൽ സിദ്ധഗഞ്ച് ആശ്രമത്തിൽ ഗുരുജി അവധൂത നാദാനന്ദയെ സന്ദർശിച്ച് മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് ഇൻഡസ്ട്രി ഹിറ്റായി മാറിയ ലൂസിഫർ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ എമ്പുരാനിലാണ് മോഹൻലാൽ ഇപ്പോൾ അഭിനയിക്കുന്നത്. എമ്പുരാന്റെ ചിത്രീകരണത്തിന്റെ ഇടവേളയിലായിരുന്നു താരം ഗുരുജിയെ സന്ദർശിച്ചത്.
സിദ്ധഗഞ്ച് ആശ്രമത്തിൽ സന്ദർശനം നടത്തുന്ന മോഹൻലാലിന്റെ ചിത്രങ്ങൾ, എഴുത്തുകാരനും തിരക്കഥാകൃത്തുമായ ആർ രാമാനന്ദാണ് സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. ആശ്രമത്തിലെത്തിയ മോഹൻലാൽ ഗുരുജിക്കൊപ്പം ക്ഷേത്രദർശനം നടത്തുന്നതും ഭക്ഷണം കഴിക്കുന്നതും ഉൾപ്പെടെയുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
‘നാദത്തിലുണ്ടാം നമ:ശിവായപ്പൊരുൾ അവധൂത നാദാനന്ദജീ മഹാരാജിനൊപ്പം.. കർണൂൽ‘ എന്ന കുറിപ്പോടെയാണ് രാമാനന്ദ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ആത്മീയതയിലും ഭാരതീയ തത്വചിന്തകളിലുമുള്ള മോഹൻലാലിന്റെ ആഭിമുഖ്യത്തിന്റെ ഏറ്റവും നവീനമായ ഉദാഹരണം എന്നാണ് ആരാധകർ ചിത്രങ്ങളെ വിശേഷിപ്പിക്കുന്നത്.
അതേസമയം തന്റെ കരിയറിലെ സുപ്രധാനമായ ഘട്ടത്തിലെത്തി നിൽക്കുന്ന മോഹൻലാലിന്റെ വരാനിരിക്കുന്ന ചിത്രങ്ങളിൽ വലിയ പ്രതീക്ഷയാണ് ആരാധകർ വെച്ച് പുലർത്തുന്നത്. എമ്പുരാന് പുറമേ ലിജോ ജോസ് പെല്ലിശ്ശേരിയുടെ മലൈക്കോട്ടൈ വാലിബൻ, സ്വന്തം സംവിധാനത്തിൽ ഒരുങ്ങുന്ന ബറോസ്, ജീത്തു ജോസഫിന്റെ നേര്, റാം തുടങ്ങിയവയാണ് മോഹൻലാലിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രങ്ങൾ.
Discussion about this post