ന്യൂഡൽഹി: രാജ്യത്തെ രണ്ട് സംസ്ഥാനങ്ങളിൽ ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പ്. ഛത്തീസ്ഗഡ്, മിസോറം എന്നീ സംസ്ഥാനങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇരു സംസ്ഥാനങ്ങളിലും രാവിലെ ഏഴ് മണിമുതൽ വോട്ടെടുപ്പ് ആരംഭിച്ചു. നാല് മണിവരെ വോട്ടെടുപ്പ് തുടരും.
ഛത്തീസ്ഗഡിൽ 20 മണ്ഡലങ്ങളിലേക്കും, മിസോറമിൽ 40 നിയമസഭാ സീറ്റുകളിലേക്കുമുള്ള തിരഞ്ഞെടുപ്പാണ് നടക്കുന്നത്. ഛത്തീസ്ഗഡിൽ ആദ്യ ഘട്ട വോട്ടെടുപ്പാണ് ഇന്ന്. മിസോറാമിൽ ഇന്ന് മാത്രമായി ഒറ്റ ഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇരു സംസ്ഥാനങ്ങളിലെയും വോട്ടെണ്ണൽ അടുത്ത മാസം മുന്നിന് നടക്കും.
കമ്യൂണിസ്റ്റ് ഭീകര ബാധിത മേഖലകൾ ആയ ബസ്തർ, ദന്തേവാഡ, സുക്മ, ബീജാപൂർ, കാങ്കീർ, രാജ്നന്ദഗാവ് നാരായൺപൂർ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ വോട്ടെടുപ്പ്. അതീവ സുരക്ഷയിൽ ആണ് വോട്ടെടുപ്പ് നടക്കുന്നത്. സംഘർഷ സാദ്ധ്യതയുള്ള പോളിംഗ് ബൂത്തുകളിൽ കൂടുതൽ പോലീസ് ഉൾപ്പെടെ വിന്യസിച്ചിട്ടുണ്ട്. 25 സ്ത്രീകൾ ഉൾപ്പെടെ 223 സ്ഥാനാർത്ഥികൾ ആണ് ഛത്തീസ്ഗഡിൽ ആദ്യ ഘട്ടത്തിൽ മത്സരിക്കുന്നത്. 40,78,681 വോട്ടർമാർ ഇന്ന് വിധിയെഴുതും. ഇതിൽ 19,93,937 പുരുഷ വോട്ടർമാരും, 20,84,675 സ്ത്രീ വോട്ടർമാരും, 69 മൂന്നാം ലിംഗക്കാരുമാണ് ഉള്ളത്. 5304 പോളിംഗ് സ്റ്റേഷനുകളാണ് മണ്ഡലങ്ങളിൽ സജ്ജീകരിച്ചിരിക്കുന്നത്. 90 നിയമസഭാ സീറ്റുകൾ ആണ് ഛത്തീസ്ഗഡിലുളളത്.
8.57 ലക്ഷം വോട്ടർമാരാണ് മിസോറാമിൽ ഉള്ളത്. ഇതിൽ 4.39 ലക്ഷം പേർ സ്ത്രീകളാണ്. 40 സീറ്റുകളിലേക്കായി 174 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്.
Discussion about this post