ന്യൂഡൽഹി: ഛത്തീസ്ഗഢിൽ നിയമസഭാ തിരഞ്ഞെടുപ്പിനിടെ കമ്മ്യൂണിസ്റ്റ് ഭീകരാക്രമണം. സുക്മയിലെ നക്സൽ സ്വാധീന മേഖലയിൽ വോട്ടെടുപ്പിനിടെ ഐഇഡി സ്ഫോടനം നടക്കുകയായിരുന്നു. സ്ഫോടനത്തിൽ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സി ആർ പി എഫ് ജവാന് പരിക്കേറ്റു.
ഛത്തീസ്ഗഢിലെ 20 നിയമസഭാ സീറ്റുകളിലേക്കാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. കമ്മ്യൂണിസ്റ്റ് ഭീകരാക്രമണ സാദ്ധ്യതകൾ കണക്കിലെടുത്ത് ശക്തമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. 90 അംഗ ഛത്തീസ്ഗഢ് നിയമസഭയിലേക്ക് രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ്. നവംബർ 17നാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്.
ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിൽ പന്ത്രണ്ടും കമ്മ്യൂണിസ്റ്റ് ഭീകരർക്ക് സ്വാധീനമുള്ള ബസ്തർ മേഖലയിലാണ്. ബസ്തറിന് പുറമേ ദന്തേവാഡ, കാങ്കർ, കബീർധാം, രാജ്നന്ദഗാവ് എന്നിവിടങ്ങളും പ്രശ്നബാധിത മേഖലകളാണ്.
തിരഞ്ഞെടുപ്പ് സമാധാനപരമായി നടക്കുന്നതിന് വേണ്ടി ലോക്കൽ പോലീസിനൊപ്പം കേന്ദ്ര സേനകളെയും വിന്യസിച്ചിട്ടുണ്ട്. ചില കേന്ദ്രങ്ങളിൽ ഡ്രോൺ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. ഡിസംബർ 3നാണ് ഛത്തീസ്ഗഢിൽ ഫലപ്രഖ്യാപനം.
Discussion about this post