പാലക്കാട്: പാലക്കാട് നല്ലേപ്പിള്ളിയിൽ 32കാരിയായ യുവതിയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കസ്റ്റഡിയിൽ. കൊഴിഞ്ഞാമ്പാറ സ്വദേശി സജീഷ് ആണ് പിടിയിലായത്. സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട ഇയാളെ ചിറ്റൂർ പോലീസാണ് കസ്റ്റഡിയിലെടുത്തത്.
മാണിക്കകത്ത് കളം സ്വദേശി ഊർമിള(32) ആണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. ഭർത്താവ് സജേഷുമായുള്ള പ്രശ്നങ്ങളെതുടർന്ന് ഊർമിള സ്വന്തം വീട്ടിലാണ് താമസിച്ചിരുന്നത്. ഇന്ന് രാവിലെ ഊർമിളയുടെ വീട്ടിലെത്തുകയും ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടാവുകയും ചെയ്തിരുന്നു.
എന്നാൽ, പിന്നീട് ജോലി സ്ഥലത്തേക്ക് പോയ ഊർമിളയെ വഴിയിൽ പാടത്ത് വച്ച് സജേഷ് ആക്രമിച്ചു. സംഭവം കണ്ട പ്രദേശവാസികൾ ഉടൻ തന്നെ യുവതിയെ ചിറ്റൂർ താലൂക്കാശുപത്രിയിൽ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി.










