ന്യൂഡല്‍ഹി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ സുപ്രീം കോടതിയിൽ വീണ്ടും ഹർജിയുമായി കേരള സർക്കാർ. നിയമസഭ പാസ്സാക്കിയ ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണറുടെ നടപടി ചോദ്യംചെയ്താണ് ഹർജി. ഒരാഴ്ചക്കിടെ ഗവര്‍ണര്‍ക്കെതിരെ രണ്ടാം തവണയാണ് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കുന്നത്. ഇത് അസാധാരണമാണെന്നാണ് നിയമവിദഗ്ദ്ധര്‍ പറയുന്നത്. ചീഫ് സെക്രട്ടറിയും, നിയമ സെക്രട്ടറിയുമാണ് ഹർജി സമര്‍പ്പിച്ചിരിക്കുന്നത്. ബില്ലുകളില്‍ തീരുമാനം വൈകിപ്പിക്കുന്ന ഗവര്‍ണര്‍ കേരളത്തിലെ ജനങ്ങളോടും, നിയമസഭ അംഗങ്ങളോടും കടുത്ത അനീതിയാണ് കാണിക്കുന്നതെന്ന് ഹർജിയിൽ പറയുന്നു.
ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന ചീഫ് സെക്രട്ടറിയും, ടിപി രാമകൃഷ്ണന്‍ എംഎല്‍എയും കഴിഞ്ഞയാഴ്ച്ച സുപ്രീംകോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരുന്നു. ഇത് വെള്ളിയാഴ്ച്ച പരിഗണിക്കാന്‍ ഇരിക്കെയാണ് സംസ്ഥാനം ഗവര്‍ണറുടെ നടപടിക്കെതിരെ പ്രത്യേക അനുമതി ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. സർവ്വകലാശാല നിയമഭേദഗഗതികൾ, സഹകരണ നിയമഭേദഗതി, പൊതുജനാരോഗ്യ നിയമ ഭേഗദതി, ലോകായുക്ത നിയമ ഭേഗതി എന്നിവ തീരുമാനം എടുക്കാതെ ഗവർണ്ണർ പിടിച്ചു വച്ചിരിക്കുകയാണെന്നാണ് ആദ്യ ഹർജിയിൽ ചൂണ്ടിക്കാട്ടുന്നത്. ഗവർണർ, രാജ്ഭവൻ അഡീഷനൽ ചീഫ് സെക്രട്ടറി, കേന്ദ്രസർക്കാർ എന്നിവരാണ് എതിർകക്ഷികൾ.
നിയമസഭകൾ പാസാക്കുന്ന ബില്ലുകളിൽ ഗവർണർമാർ തീരുമാനമെടുക്കാൻ വൈകുന്നതിനെ നേരത്തേ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. സംസ്ഥാന സർക്കാരുകൾ കോടതിയെ സമീപിച്ചു കഴിയുമ്പോൾ മാത്രം തീരുമാനമെടുക്കുന്ന രീതി ഗവർണർമാർ അവസാനിപ്പിക്കണമെന്നും കോടതി പറഞ്ഞിരുന്നു.
Discussion about this post