തിരുവനന്തപുരം :വിശപ്പുരഹിത കേരളം പദ്ധതിയുടെ സബ്‌സിഡി മുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ടതോടെ പ്രതിഷേധവുമായി കുടുംബശ്രീ പ്രവർത്തകർ. നിലനിൽപ് പ്രതിസന്ധിയിലായതോടെയാണ് പ്രതിഷേധവുമായി കുടുംബശ്രീ പ്രവർത്തകർ രംഗത്തെത്തിയത് . സബ്‌സിഡി ലഭിക്കാത്തതിൽ മലപ്പുറത്തുനിന്നുള്ള കുടുംബശ്രീ പ്രവർത്തകർ സെക്രട്ടേറിയേറ്റിന് മുന്നിൽ ധർണ ആരംഭിച്ചിരിക്കുകയാണിപ്പോൾ.
കുടുംബശ്രീ വനിതകളെ കടക്കെണിയിൽ കുടുക്കിയിരിക്കുന്ന സർക്കാർ അവരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് സമരത്തിൽ പങ്കെടുക്കുന്നവർ ആരോപിക്കുന്നു. കോടികണക്കിന് രൂപയുടെ കടബാധ്യതയാണ് ഉള്ളതെന്നും അത് വഹിക്കാനുള്ള സാമ്പത്തികശേഷി ഉള്ളവരല്ല കുടുംബശ്രീയുടെ പ്രവർത്തകരെന്നും പ്രതിഷേധത്തിനെത്തിയ കുടുംബശ്രീ പ്രവർത്തകർ പറഞ്ഞു. പ്രവർത്തകർ ജില്ലാ കളട്രേറ്റിന് മുന്നില്‍ പ്രതിഷേധിച്ചെങ്കിലും നടപടികളൊന്നും എടുക്കാത്തതിനെത്തുടർന്നാണ് പ്രതിഷേധം തലസ്ഥാനത്തേക്ക് മാറ്റിയത്.സബ്‌സിഡി മുടങ്ങിയിട്ട് 13 മാസമായെന്നും പ്രവർത്തകർ പറഞ്ഞു.
പിണറായി സർക്കാർ കൊട്ടിഘോഷിച്ച പദ്ധതിയായിരുന്നു വിശപ്പുരഹിത കേരളം പദ്ധതി. ഇരുപത് രൂപയുടെ ഊണ് നൽകുമ്പോൾ കുടുംബശ്രീ ഭക്ഷണശാലകള്‍ക്ക് പത്ത് രൂപ സർക്കാര്‍ സബ്സിഡി നൽകുന്ന പദ്ധതിയായിരുന്നു. എന്നാൽ ഇപ്പോൾ സബ്‌സിഡി എടുത്തുകളഞ്ഞതോടെ ഊണിന് മുപ്പത് രൂപയായി.കുടുംബശ്രീ ഇപ്പോൾ കടത്തിലാണെന്നും പ്രവർത്തകർക്ക് വൻ സാമ്പത്തിക ബാധ്യത ആണെന്നുമാണ് പ്രതിഷേധക്കാർ അറിയിച്ചത്.കുടുംബശ്രീ യൂണിറ്റുകൾ ഇതിലൂടെ കടത്തിലായെന്നും വൻ സാമ്പത്തിക ബാദ്ധ്യതയാണ് സർക്കാർ വരുത്തിവെച്ചതെന്നും ഇവർ ആരോപിക്കുന്നു.
Discussion about this post