ന്യൂഡല്‍ഹി : രാജ്യത്തെ ജനങ്ങള്‍ക്ക് ദീപാവലി സമ്മാനവുമായി കേന്ദ്ര സര്‍ക്കാര്‍. സബ്‌സിഡി നിരക്കില്‍ ആട്ട നല്‍കാനാണ് സര്‍ക്കാരിന്റെ തീരുമാനം. രാജ്യത്തെ 2,000 പൊതു വിതരണ കേന്ദ്രങ്ങളിലൂടെ 27.5 രൂപ നിരക്കില്‍ വിതരണം ചെയ്യും. കിലോക്ക് 21.5 രൂപക്കാണ് കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് ഗോതമ്പ് നല്‍കുന്നത്. നിലവില്‍ വിവിധ ഏജന്‍സികള്‍ മുഖേനയാണ് പദ്ധതി നടപ്പാക്കുന്നത്.
2,000 പൊതുവിതരണ കേന്ദ്രങ്ങളിലൂടെയാണ് ‘ഭാരത് ആട്ട’ ലഭ്യമാക്കുന്നത്. മൊത്തം 2.5 ലക്ഷം മെട്രിക് ടണ്‍ ഗോതമ്പ് പല കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികള്‍ക്കുമായി വിതരണം ചെയ്തു. ഇത് 21.5 രൂപയ്ക്കാണ് വിതരണം ചെയ്തത്. പിന്നീട് ആട്ടയാക്കി കിലോയ്ക്ക് 27.5 രൂപയ്ക്ക് ആണ് വില്‍ക്കുന്നത്. നവംബര്‍ ആറിനാണ് സര്‍ക്കാര്‍ ‘ഭാരത് ആട്ട’ എന്ന പേരില്‍ വിതരണം ആരംഭിച്ചത്.
അതേസമയം, കര്‍ഷകരുടെയും ജനങ്ങടെയും ക്ഷേമത്തിനായി സര്‍ക്കാര്‍ നിരവധി നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്ന് ഭക്ഷ്യ-പൊതുവിതരണ മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞു. വിലക്കയറ്റം മൂലം രാജ്യത്തെ ജനങ്ങള്‍ ബുദ്ധിമുട്ടുമ്പോഴെല്ലാം ഭക്ഷ്യവസ്തുക്കള്‍ സംഭരിക്കുകയും ജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനായി സബ്സിഡി നിരക്കില്‍ വിറ്റഴിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപഭോക്തൃകാര്യ വകുപ്പ് ശേഖരിച്ച കണക്കുകള്‍ പ്രകാരം, രാജ്യത്ത് ഒരു കിലോ ആട്ടയ്ക്ക് ശരാശരി 36 രൂപയാണ് ചില്ലറവില്‍പ്പന വില. രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം സെപ്തംബറില്‍ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായ 5.02 ശതമാനത്തിലേക്ക് കുറഞ്ഞെങ്കിലും, ഇത് ആര്‍ബിഐയുടെ ഇടക്കാല ലക്ഷ്യമായ 4.0 ശതമാനത്തിന് മുകളിലായിരുന്നു. രാജ്യത്ത് വിലക്കയറ്റം തുടരുന്നതിനിടയിലാണ് ദീപാവലിക്കാലത്ത് സബ്‌സിഡി ആട്ടയുമായി സര്‍ക്കാര്‍ എത്തുന്നത്.
സഹകരണ സംഘങ്ങളായ നാഫെഡ്, എന്‍സിസിഎഫ്, കേന്ദ്രീയ ഭണ്ഡാര്‍ എന്നിവ വഴിയാവും ആട്ട അര്‍ഹതപ്പെട്ടവരിലേക്ക് എത്തിക്കുക. സബ്സിഡിയുള്ള ഗോതമ്പ് പൊടി ഫലപ്രദമായി വിതരണം ചെയ്യുന്നതിനായി ഈ ഏജന്‍സികള്‍ രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന 800 മൊബൈല്‍ വാനുകളുടെയും 2,000 ഓളം ഔട്ട്ലെറ്റുകളുടെയും വിപുലമായ ശൃംഖല ഉപയോഗിക്കും എന്നാണ് സൂചന.








