ന്യൂഡൽഹി: മനുഷ്യക്കടത്ത് കേസുമായി ബന്ധപ്പെട്ട് 44 പേരെ അറസ്റ്റ് ചെയ്ത് എൻഐഎ. രാജ്യവ്യാപകമായി നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്തത്. മനുഷ്യക്കടത്തിനായി പ്രവർത്തിക്കുന്ന അഞ്ച് സംഘങ്ങളെ എൻഐഎ ഇല്ലാതാക്കി.
ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് വ്യാപകമായി മനുഷ്യക്കടത്ത് നടത്തിയെന്നാണ് കേസ്. ഇവരെല്ലാം രാജ്യത്ത് അനധികൃത കുടിയേറ്റക്കാരായി കഴിഞ്ഞു വരികയാണ്. ഇതുമായി ബന്ധപ്പെട്ട് എൻഐഎ നാല് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. ഇതിലായിരുന്നു പരിശോധനയും അറസ്റ്റും. എൻഐഎയും ബിഎസ്എഫും സംയുക്തമായിട്ടായിരുന്നു പരിശോധന.
ഗുവാഹട്ടി, തെലങ്കാന, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് ത്രിപുര, അസം, പശ്ചിമ ബംഗാൾ, കർണാടക, തമിഴ്‌നാട്, തെലങ്കാന, ഹരിയാന, രാജസ്ഥാൻ കേന്ദ്ര ഭരണ പ്രദേശങ്ങളായ ജമ്മു കശ്മീർ, പുതുച്ചേരി എന്നിവിടങ്ങളിൽ ആയിരുന്നു പരിശോധന. ആകെ 55 സ്ഥലങ്ങളിൽ പരിശോധന നടത്തി.
അറസ്റ്റിലായവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ബംഗ്ലാദേശിൽ നിന്നും അനധികൃതമായി നുഴഞ്ഞു കയറിയവരും, ഇതിന് സഹായിച്ചവരെയും ആണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരുടെ പക്കൽ നിന്നും വ്യാജ ആധാർ ഉൾപ്പെടെയുള്ള രേഖകൾ പിടിച്ചെടുത്തിട്ടുണ്ട്. ഇവ വിശദമായി പരിശോധിച്ചുവരികയാണ്.
Discussion about this post