ന്യൂഡൽഹി : ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപം 13 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്ത ഭീകരാക്രമണത്തിൽ സുപ്രധാന നടപടിയുമായി നാഷണൽ മെഡിക്കൽ കമ്മീഷൻ. എൻഐഎ അറസ്റ്റ് ചെയ്ത വൈറ്റ് കോളർ ഭീകരരായ നാല് ഡോക്ടർമാരുടെയും ലൈസൻസ് റദ്ദാക്കി. ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്സിറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന ഡോക്ടർമാരായ
മുസാഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, മുസമിൽ ഷക്കീൽ, ഷഹീൻ സയീദ് എന്നിവരുടെ പേരുകൾ ദേശീയ മെഡിക്കൽ രജിസ്റ്ററിൽ നിന്ന് നീക്കം ചെയ്തതായി നാഷണൽ മെഡിക്കൽ കമ്മീഷൻ അറിയിച്ചു.
ഡൽഹി ഭീകരാക്രമണ കേസിൽ ചാവേർ ബോംബർ ഉമർ ഉൻ നബിയുടെ കൂട്ടാളിയെ ഇന്ന് ദേശീയ അന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തു.
ഉമർ നബിയുടെ കൂട്ടാളിയും അടുത്ത സഹായിയുമായ ജമ്മു കശ്മീരിലെ പാംപോർ സ്വദേശിയ അമീർ റാഷിദ് അലിയാണ് അറസ്റ്റിലായത്. സ്ഫോടനത്തിന് ഉപയോഗിച്ച കാർ വാങ്ങുന്നതിന് സൗകര്യമൊരുക്കാനായി ഇയാൾ ഡൽഹിയിൽ എത്തിയിരുന്നതായി എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ഭീകരാക്രമണം നടത്താൻ ഉമർ നബിക്കൊപ്പം ഗൂഢാലോചന നടത്തിയതിലും ഇയാൾക്ക് പങ്കുണ്ട്.
ഫരീദാബാദിൽ നിന്ന് അറസ്റ്റിലായ ലഖ്‌നൗ സ്വദേശിയായ വനിതാ തീവ്രവാദി ഡോ. ഷഹീൻ ഒരു പാകിസ്താൻ സൈനിക ഡോക്ടറുമായി ബന്ധപ്പെട്ടിരുന്നുവെന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്‌ഫോടനങ്ങൾ നടത്തിയ ശേഷം വിദേശത്തേക്ക് രക്ഷപ്പെടാൻ പദ്ധതിയിട്ടിരുന്നുവെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസറിന്റെ സഹോദരി സഹീദ അസറുമായും ഷഹീൻ അടുത്ത ബന്ധം പുലർത്തിയിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. അതേസമയം ചോദ്യം ചെയ്യലിനായി അന്വേഷണസംഘം കസ്റ്റഡിയിൽ എടുത്തിരുന്നവരിൽ മൂന്നു ഡോക്ടർമാരെ എൻഐഎ വിട്ടയച്ചു.









Discussion about this post