ന്യൂഡൽഹി : ടെറിട്ടോറിയൽ ആർമിയുടെ ചില ബറ്റാലിയനുകളിലേക്ക് വനിതാ കേഡർമാരെ നിയമിക്കാൻ തയ്യാറെടുത്ത് ഇന്ത്യൻ സൈന്യം. ഒരു പൈലറ്റ് പ്രോജക്റ്റായി ആരംഭിക്കുന്ന ഈ പദ്ധതിയിൽ തുടക്കത്തിൽ ഏതാനും ബറ്റാലിയനുകളിൽ വനിതകളെ നിയമിക്കുന്നതാണ് സൈന്യം പരിഗണിക്കുന്നത്. സേനയിലെ സ്ത്രീകൾക്കുള്ള അവസരങ്ങൾ ക്രമാനുഗതമായി വികസിപ്പിക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
1948 ഓഗസ്റ്റ് 18-ന് ടെറിട്ടോറിയൽ ആർമി ആക്ട് പാസാക്കിയതോടെയാണ് ഇന്ന് നിലവിലുള്ള ടെറിട്ടോറിയൽ ആർമി സ്ഥാപിതമായത്, 1949 ഒക്ടോബർ 9-ന് ഇന്ത്യയുടെ ആദ്യത്തെ ഗവർണർ ജനറൽ സി. രാജഗോപാലാചാരിയാണ് ടെറിട്ടോറിയൽ ആർമിക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചത്. രാജ്യത്തെ സേവിക്കുന്നതിൽ അഭിനിവേശമുള്ള, എന്നാൽ സാധാരണ സൈന്യത്തിൽ ചേരുന്നതിനുള്ള പ്രായപരിധി കഴിഞ്ഞ പൗരന്മാർക്ക് രാജ്യസേവനത്തിനുള്ള അവസരം കൂടിയാണ് ടെറിട്ടോറിയൽ ആർമി നൽകുന്നത്.
നിലവിൽ, ഇന്ത്യൻ സൈന്യത്തിൽ ആംഡ് ഫോഴ്‌സ് മെഡിക്കൽ സർവീസസിന് പുറമേ മറ്റു പത്ത് സേനകളിൽ കൂടി വനിതകൾ സേവനമനുഷ്ഠിക്കുന്നുണ്ട്. കോർപ്‌സ് ഓഫ് എഞ്ചിനീയേഴ്‌സ്, കോർപ്‌സ് ഓഫ് സിഗ്നൽസ്, ആർമി എയർ ഡിഫൻസ്, ആർമി സർവീസ് കോർപ്‌സ്, ആർമി ഓർഡനൻസ് കോർപ്‌സ്, കോർപ്‌സ് ഓഫ് ഇലക്ട്രോണിക്‌സ് ആൻഡ് മെക്കാനിക്കൽ എഞ്ചിനീയേഴ്‌സ്, ആർമി ഏവിയേഷൻ കോർപ്‌സ്, ഇന്റലിജൻസ് കോർപ്‌സ്, ജഡ്ജി അഡ്വക്കേറ്റ് ജനറൽ ബ്രാഞ്ച്, ആർമി എഡ്യൂക്കേഷൻ കോർപ്‌സ് എന്നിവയാണ് വനിതകൾ സേവനമനുഷ്ഠിക്കുന്നത്.









Discussion about this post