ന്യൂഡൽഹി: ഡൽഹിയിലെ വായുമലിനീകരണം രൂക്ഷമായി തുടരുന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കനുസരിച്ച് ഇന്നും 421 ലാണ് വായുവിന്റെ മലിനീകരണ തോത്. തെക്ക്, പടിഞ്ഞാറൻ ഡൽഹി പ്രദേശങ്ങളിലാണ് ഇന്ന് കൂടുതൽ മലിനീകരണ തോത് രേഖപ്പെടുത്തിയിരിക്കുന്നത്.
അതിനിടെ, നഗരത്തിൽ നടത്തിയ പരിശോധനയിൽ പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത 1300 വാഹനങ്ങൾക്കാണ് ട്രാഫിക്ക് പോലീസ് പിഴ ചുമത്തിയത്. കേന്ദ്രത്തിന്റെ മലിനീകരണ നിയന്ത്രണ പദ്ധതിയുടെ നാലാം ഘട്ടമായ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാൻ (GRAP) നഗരത്തിൽ നടപ്പാക്കിയിട്ടുണ്ട്. ഡൽഹിയിലെ വായുമലിനീകരണത്തിൽ വാഹനങ്ങളുടെ പങ്കിനെക്കുറിച്ച് ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ഈ കണക്കും പുറത്തുവരുന്നത്. ഇതുപ്രകാരം നഗരത്തിലെ നിർമാണ പ്രവർത്തനങ്ങൾക്കും മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾക്കും കടുത്ത നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
നഗരത്തിലെ എക്യുഐ കുറയ്ക്കുന്നതിന് ക്ലൗഡ് സീഡിംഗ് വഴി കൃത്രിമ മഴ പെയ്യാനുള്ള സാധ്യതയെക്കുറിച്ച് ചർച്ച ചെയ്യാൻ ഐഐടി കാൺപൂരിൽ നിന്നുള്ള സംഘവുമായി ഡൽഹി മന്ത്രി ഗോപാൽ റായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. മേഘാവൃതമായ കാലാവസ്ഥയാണെങ്കിൽ നവംബർ 20-21 തിയതികളിൽ ഡൽഹിയിൽ കൃത്രിമ മഴ പെയ്യിക്കാമെന്ന് യോഗത്തിന് ശേഷം മന്ത്രി പറഞ്ഞു.
മലിനീകരണം സംബന്ധിച്ചുള്ള പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ പരിസ്ഥിതി മന്ത്രി ഗോപാൽ റായ് ഇന്ന് യോഗം വിളിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയ്ക്ക് 12.30ന് ഡൽഹി സെക്രട്ടേറിയറ്റിലാണ് യോഗം. ആനന്ദ് വിഹാർ (432), ആർ കെ പുരം (453), IGI എയർപോർട്ട് (446), മോത്തി ബാഗ് (452), ദ്വാരക (459), ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം (414), പഞ്ചാബി ബാഗ് (444), അശോക് വിഹാർ, (434), പട്‌പർഗഞ്ച് (424), ഓഖ്‌ല (433), ഇന്ത്യ ഗേറ്റ് (421), ഐടിഒ (441) എന്നിങ്ങനെയാണ് ഇന്നത്തെ മലിനീകരണ തോത്.
Discussion about this post