ശത്രുക്കൾക്കെതിരായ നിരീക്ഷണം ശക്തമാക്കാൻ രാജ്യത്തിന് കൂട്ടായി ഇനി കൂടുതൽ സൂപ്പർ ഡ്രോണുകൾ. ഹെർമിസ് 900 ഡ്രോണുകളും ഹെറോൺ മാർക്ക് 2 ഡ്രോണുകളും അധികമായി കരസേനയുടെ ഭാഗമാക്കാനാണ് തീരുമാനം. ലഡാക്ക് അതിർത്തിയിൽ ചൈനയുടെ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ഭാരതത്തിന്റെ ഈ നീക്കം ഏറെ നിർണായകമാണ്.
ചൈനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിന് വേണ്ടിയാണ് ഇസ്രായേലിൽ നിന്നും കൂടുതൽ ഡ്രോണുകൾ വാങ്ങാനൊരുങ്ങുന്നത്. അടുത്ത വർഷത്തോടെ അധികമായി വാങ്ങുന്ന ഡ്രോണുകൾ സേനയുടെ ഭാഗമാക്കും. നിലവിൽ രാജ്യത്ത് ഉപയോഗിക്കുന്ന യുഎവി ഡ്രോണുകൾ നവീകരിക്കാനും തീരുമാനമായി.
നാല് ഹെർമിസ് ഡ്രോണുകളും രണ്ട് ഹെറോൺ ഡ്രോണുകളുമാണ് വാങ്ങുന്നത്. ഇതിൽ ഹെർമിസ് ഡ്രോണുകൾ രണ്ട് എണ്ണം കരസേനയ്ക്കും രണ്ട് എണ്ണം നാവിക സേനയ്ക്കും നൽകും. വ്യോമസേനയ്ക്ക് വേണ്ടിയാണ് ഹെറോൺ മാർ 2 ഡ്രോണുകൾ. അടിയന്തര സാഹചര്യം പരിഗണിച്ചാണ് ആദ്യ ഘട്ടത്തിൽ രണ്ട് വീതം ഡ്രോണുകൾ വാങ്ങുന്നത്. ഇതിന് ശേഷം കൂടുതൽ ഡ്രോണുകൾ സ്വന്തമാക്കാനാണ് പ്രതിരോധ മന്ത്രാലയത്തിന്റെ ആലോചന.
സാറ്റ് ലൈറ്റ് കമ്യൂണിക്കേഷൻ സംവിധാനത്തോട് കൂടിയുള്ള ഹെർമിസ് സ്റ്റാർലൈനർ 900 ഡ്രോൺസ് ആകും സേനയുടെ ഭാഗമാക്കുക. നിലവിൽ സാറ്റ്‌ലൈറ്റ് കമ്യൂണിക്കേഷൻ സംവിധാനത്തോട് കൂടിയുള്ള ഹെറോൺ മാർക്ക് 2 ഡ്രോണുകൾ സൈന്യം ഉപയോഗിക്കുന്നുണ്ട്. ഇവയെ ഹെറോൺ മാർക്- 1 ന്റെ സവിശേഷതകൾ നൽകി പരിഷ്‌കരിക്കും.
2012 ലാണ് ഹെർമീസ് 900 ഡ്രോണുകൾ ഇസ്രായേൽ സേനയുടെ ഭാഗമായത്. 2014 തൊട്ട് ഹമാസിനെതിരായ പോരാട്ടത്തിൽ ഈ ഡ്രോണുകൾ നിർണായക പങ്കുവഹിക്കുന്നു. കമ്പ്യൂട്ടർ വഴി നിയന്ത്രിക്കാൻ കഴിയുന്ന ആളില്ലാ ഡ്രോണാണ് ഹെർമിസ്.
30 മണിക്കൂർ നേരം തുടർച്ചയായി പറക്കാൻ ഹെർമിസ് ഡ്രോണുകൾക്ക് കഴിയും. 30,000 അടി ഉയരത്തിൽ വരെ പറന്ന് നിരീക്ഷണം നടത്താം. 27.3 അടിയാണ് നീളം. 49 അടി നീളത്തിൽ ചിറകുള്ള ഡ്രോണുകൾക്ക് 450 കിലോ ഭാരമുണ്ട്. ഹെർമിസ് ഡ്രോണുകൾ രാജ്യം തദ്ദേശീയമായി നിർമ്മിച്ചിട്ടുണ്ട്. ഇസ്രായേലിന്റെ നിർമ്മാണ കമ്പനിയായ എൽബിട്ട് സിസ്റ്റംസുമായി കൈകോർത്ത് ആണ് നിർമ്മിച്ചിരിക്കുന്നത്.
എന്നാൽ ഇതിന്റെ ഭാഗങ്ങളിൽ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നത് ഇസ്രായേലിൽ നിന്നാണ്.
8.5 മീറ്ററാണ് ഹെറോൺ ഡ്രോണുകളുടെ നീളം. ചിറകുകൾക്ക് 16.6 മീറ്റർ നീളവുമുണ്ട്. 490 കിലോ ഗ്രാമോളം ഭാരമുള്ള ആയുധങ്ങൾ വഹിക്കാൻ ഇവയ്ക്ക് കഴിയും. ഇതിന്1430 കിലോ യാണ് ഭാരം. ഒറ്റത്തവണ 45 മണിക്കൂർ നേരം തുടർച്ചയായി പറക്കാനാകുമെന്നതാണ് ഹെറോൺ ഡ്രോണുകളുടെ പ്രധാന സവിശേഷത. പരമാവധി 150 കിലോ മീറ്റർ വേഗതയിൽ 35,000 അടി ഉയരത്തിൽ ഇവയ്ക്ക് പറക്കാം.
ലഡാക്ക് അതിർത്തിയിൽ ചൈനയുമായി നിലവിൽ സംഘർഷ സാദ്ധ്യത തുടരുകയാണ്. കൂടുതൽ ഡ്രോണുകൾ എത്തുന്നതോട് കൂടി ചൈനയെ കൂടുതൽ ശക്തമായി നിരീക്ഷിക്കാൻ ഇന്ത്യയ്ക്ക് കഴിയും. അതേസമയം പ്രതിരോധ രംഗത്തെ ഇന്ത്യയുടെ നിർണായക നീക്കങ്ങളെ ശത്രുരാജ്യങ്ങൾ ഭയത്തോടെയാണ് കാണുന്നത് .











Discussion about this post