ന്യൂഡൽഹി: സുപ്രീം കോടതിയിൽ വീണ്ടും 34 ജഡ്ജിമാർ. മൂന്ന് പുതിയ ജസ്റ്റിസുമാർ കൂടി സത്യപ്രതിജ്ഞ ചെയ്തതോടെയാണ് സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം വീണ്ടും മുപ്പത്തി നാലിലേക്കെത്തിയത്. ജസ്റ്റിസുമാരായ സതീഷ് ചന്ദ്ര ശർമ്മ, അഗസ്റ്റിൻ ജോർജ്ജ് മസിഹ്, സന്ദീപ് മേത്ത എന്നിവരാണ് ഇന്ന് സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്തത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് മൂവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
പുതിയ ജഡ്ജിമാരുടെ നിയമനത്തിനുള്ള പേരുകൾ തിങ്കളാഴ്ച്ചയാണ് സുപ്രീം കോടതി കൊളീജിയം ശുപാർശ ചെയ്തത്. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ, രാജസ്ഥാൻ ഹൈക്കോടതി ചീഫ് ജസ്റ്റിസ് അഗസ്റ്റിൻ ജോർജ് മസിഹ്, ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവർക്കുള്ള ശുപാർശ ബുധനാഴ്ച കേന്ദ്രം അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങുന്ന കൊളീജിയമാണ് ശുപാർശ നൽകിയത്.
സുപ്രീം കോടതിയിൽ വൻതോതിൽ കേസുകൾ കെട്ടിക്കിടക്കുന്നുണ്ട്. അനുദിനം വർദ്ധിക്കുന്ന കേസുകൾ മൂലം ജഡ്ജിമാരുടെ ജോലിഭാരം വർദ്ധിക്കുകയാണെന്ന് കൊളീജിയം ചൂണ്ടിക്കാട്ടി. 31 ജഡ്ജിമാരുമാരാണ് കോടതിയിൽ ഇതുവരെ ഉണ്ടായിരുന്നത്.
Discussion about this post