തൃശൂർ: സുരേഷ് ഗോപിക്കെതിരെ ബിജെപി ജില്ലാ സമിതിയോഗത്തിൽ വിമർശനം ഉയർന്നതായി വ്യാജ വാർത്ത പ്രസിദ്ധീകരിച്ച ദേശാഭിമാനി പത്രത്തിനെതിരെ ബിജെപി ജില്ലാ നേതൃത്വത്തിന്റെ വക്കീൽ നോട്ടീസ്. ദേശാഭിമാനി പത്രാധിപർക്കും റിപ്പോർട്ടർ വേണു ആലത്തൂരിനും ബിജെപി തൃശൂർ ജില്ലാ അദ്ധ്യക്ഷൻ അഡ്വ. കെ.കെ അനീഷ് കുമാർ ആണ് വക്കീൽ നോട്ടീസ് അയച്ചത്.
രാഷ്ട്രീയ ലക്ഷ്യത്തോടെ വ്യാജവാർത്ത സൃഷ്ടിച്ചതിലൂടെ ഭാരതീയ ജനതാ പാർട്ടിക്കും പാർട്ടി ജില്ലാ നേതൃത്വത്തിനും അപകീർത്തി ഉണ്ടായിയെന്ന് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നു. മാപ്പ് പറയണമെന്നും ഒരു കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടാണ് നോട്ടീസ്. പ്രസിദ്ധീകരിച്ച വാർത്ത തെറ്റാണെന്ന് സമ്മതിച്ച് ഖേദം പ്രകടിപ്പിച്ച് പത്രത്തിൽ പ്രസിദ്ധീകരിക്കണം എന്നും നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
നടക്കാത്ത ജില്ലാ കമ്മിറ്റിയെക്കുറിച്ചും അതിൽ നടക്കാത്ത ചർച്ചയെക്കുറിച്ചുമാണ് ദേശാഭിമാനി വ്യാജ വാർത്ത ചമച്ചതെന്ന് നോട്ടീസിൽ പറയുന്നു. അഡ്വ. രവികുമാർ ഉപ്പത്ത് മുഖാന്തിരമാണ് നോട്ടീസ് അയച്ചത്. മാപ്പ് പറഞ്ഞില്ലെങ്കിൽ സിവിലായും ക്രിമിനലായും നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.
സുരേഷ് ഗോപി സ്വയം സ്ഥാനാർത്ഥി ചമയുകയാണെന്നും പാർട്ടിക്ക് ബാദ്ധ്യതയാണെന്ന് വിമർശനം ജില്ലാ കമ്മിറ്റിയിൽ ഉയർന്നുവെന്നുമായിരുന്നു വ്യാജവാർത്ത.












