ന്യൂഡൽഹി : ഖത്തറിൽ അറസ്റ്റിലായിരുന്ന 8 മുൻ ഇന്ത്യൻ നാവിക സേനാംഗങ്ങൾക്ക് വധശിക്ഷ നൽകിയ വിധിക്കെതിരെ ഇന്ത്യ അപ്പീൽ നൽകി. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ അറസ്‌റ്റിലായ എട്ട് മുൻ നാവിക സേനാംഗങ്ങൾക്കാണ് ഖത്തർ കോടതി വധശിക്ഷ പ്രഖ്യാപിച്ചിരുന്നത്. ഖത്തർ കോടതിയിൽ ഇന്ത്യൻ സർക്കാർ അപ്പീൽ സമർപ്പിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി അറിയിച്ചു.
ഖത്തർ കോടതിയുടെ വിധി ഞെട്ടിച്ചതായി ഇന്ത്യൻ സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ” ഖത്തർ കോടതിയുടെ വിധി രഹസ്യാത്മകമാണ്. ലീഗൽ ടീമുമായി മാത്രമേ പങ്കുവെച്ചിട്ടുള്ളൂ. ഞങ്ങൾ ഇപ്പോൾ കൂടുതൽ നിയമനടപടികൾ തുടരുകയാണ്” എന്നാണ് അരിന്ദം ബാഗ്‌ചി വ്യക്തമാക്കിയത്.
ഖത്തറിൽ തടവിലാക്കപ്പെട്ടിരിക്കുന്ന 8 മുൻ നാവികസേന ഉദ്യോഗസ്ഥരുടെയും കുടുംബങ്ങളുമായി കേന്ദ്രസർക്കാർ ബന്ധപ്പെട്ടിരുന്നു എന്ന് അരിന്ദം ബാഗ്‌ചി അറിയിച്ചു. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഡൽഹിയിൽ വെച്ച് ഈ കുടുംബങ്ങളെ നേരിൽ കണ്ടിരുന്നു. സാധ്യമായ എല്ലാ പിന്തുണയും ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടാകും എന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
Discussion about this post