ന്യൂഡല്‍ഹി : അഞ്ചാമത് ഇന്ത്യ – യുഎസ് 2+2 മന്ത്രിതല ചര്‍ച്ചയ്ക്കായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇന്ത്യയിലെത്തി. ഇന്ത്യയുമായി ഇപ്പോള്‍ അമേരിക്കയ്ക്ക് ഉള്ളത് എക്കാലത്തേയും ശക്തമായ ഉഭയകക്ഷി പങ്കാളിത്തമാണെന്ന് അദ്ദേഹം പറഞ്ഞു.
“ഇന്ത്യയിലെത്താന്‍ കഴിഞ്ഞതില്‍ സന്തോഷം. ഇരു രാഷ്ട്രങ്ങളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തുന്ന ഒരു വര്‍ഷമായിരിക്കും വരാന്‍ പോകുന്നത്. ഇന്ത്യയുമായി ഇതുവരെ ഉണ്ടായിരുന്നതില്‍ വച്ച് ഏറ്റവും ശക്തമായ ഉഭയകക്ഷി പങ്കാളിത്തമാണ് ഇപ്പോള്‍ ഉള്ളത്. അത് മാത്രമല്ല പ്രാദേശികവും ആഗോള തലത്തിലും ഇന്ത്യയുടെ പങ്കാളിത്തം ഉറപ്പ് വരുത്തുന്നതായിരുന്നു ഈ വര്‍ഷത്തെ ജി 20 ഉച്ചകോടിയിലെ ഇന്ത്യയുടെ നേതൃത്വം’, ബ്ലിങ്കന്‍ പറഞ്ഞു.
പ്രതിരോധ മേഖലയിലടക്കം നിരവധി കാര്യങ്ങള്‍ നമുക്ക് ഒരുമിച്ച് ചെയ്യാനുണ്ട്. ഭാവിയിലേക്കുള്ള നമ്മുടെ കാല്‍വയ്പ്പാണ് ഇന്തോ പസഫിക് മേഖലയിലെ സഹകരണം. ഇന്ത്യയുടെ സഹകരണത്തോടെയാകും ഭാവി കാര്യങ്ങള്‍ കെട്ടിപ്പടുക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍ ആന്റണി ബ്ലിങ്കനെ യോഗത്തിലേക്ക് സ്വാഗതം ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജൂണിലെ അമേരിക്കന്‍ സന്ദര്‍ശനത്തിന്റെയും ജോ ബൈഡന്റെ സെപ്തംബറിലെ ഇന്ത്യന്‍ സന്ദര്‍ശനത്തിന്റെയും തുടര്‍ച്ചയെന്നോണമാണ് ഇന്ത്യ – യുഎസ് 2+2 മന്ത്രിതല ചര്‍ച്ചയ്ക്കായി ബ്ലിങ്കന്‍ ഇന്ത്യയിലെത്തിയതെന്ന് ജയശങ്കര്‍ പറഞ്ഞു.
ഇന്ത്യയില്‍ നടന്ന ജി20 ഉച്ചകോടിയുടെ പ്രാധാന്യം എടുത്ത് പറഞ്ഞ ജയശങ്കര്‍ ഇരു രാജ്യതലവന്‍മാരുടേയും കൂടിക്കാഴ്ചകള്‍ക്ക് തുടര്‍ച്ചയെന്നോണമാണ് ഈ 2+2 മന്ത്രിതല ചര്‍ച്ചയെന്നും വ്യക്തമാക്കി. അമേരിക്കയുടെ സഹായത്തോടയെും സഹകരണത്തോടെയുമാണ് ജി 20 ഉച്ചകോടി സഫലമായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുക, ആഗോള ആശങ്കകള്‍ പരിഹരിക്കുക, ഇന്തോ-പസഫിക്കിലെ സഹകരണം പ്രോത്സാഹിപ്പിക്കുക എന്നിവയുള്‍പ്പെടെയുള്ള വിവിധ വിഷയങ്ങള്‍ ഇവിടെ ചര്‍ച്ച ചെയ്യുമെന്നും ജയശങ്കര്‍ പറഞ്ഞു.
2018 മുതല്‍ എല്ലാ വര്‍ഷവും ഇന്ത്യയും യുഎസും തമ്മില്‍ നടക്കുന്ന നയതന്ത്ര ഉച്ചകോടിയാണ് 2+2 മിനിസ്റ്റീരിയല്‍ ഡയലോഗ്. ഇന്ത്യയുടെ വിദേശകാര്യ മന്ത്രിയും പ്രതിരോധ മന്ത്രിയും അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറിയും പ്രതിരോധ സെക്രട്ടറിയുമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്.
Discussion about this post