തിരുവനന്തപുരം: കണ്ടല സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ അന്വേഷണം നേരിട്ടുകൊണ്ടിരിക്കുന്ന മുൻ പ്രസിഡന്റ് എൻ.ഭാസുരാംഗന്റെ കുടുംബം നയിച്ചത് അത്യാഡംബര ജീവിതം. ആഡബംര കാറിലായിരുന്നു മകൻ അഖിൽജിത്തിന്റെ സഞ്ചാരം. മകന്റെ ആഡംബര ജീവിതത്തെക്കുറിച്ച് സിപിഐയ്ക്കുള്ളിൽ എതിർപ്പുകളുണ്ടായിരുന്നെങ്കിലും സിപിഎമ്മിലെയും കോൺഗ്രസിലെയും ഉന്നതരുമായുള്ള ബന്ധം ഭാസുരാംഗനെ തുണച്ചു. ഇതേക്കുറിച്ച് പരാതികൾ ഉയർന്നെങ്കിലും ഈ ഉന്നതബന്ധം കാരണം പരാതികളിലൊന്നും നടപടയുണ്ടായില്ല.
കണ്ടല സർവീസ് സഹകരണ ബാങ്കിൽ ഭാസുരാംഗൻ 101 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തൽ. മകൻ സഞ്ചരിച്ചിരുന്ന ആഡംബര കാർ ഇഡി പിടിച്ചെടുത്തു. അഖിൽ നാട്ടിൽ ഒരു സൂപ്പർമാർക്കറ്റ് നടത്തിയിരുന്നതും പൂട്ടി. പൂജപ്പുരയിൽ റസ്റ്റോറന്റും നടത്തിയിരുന്നു. അഖിലിന്റെ പണമിടപാടുകളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടന്നുവരികയാണ്. കുടുംബം നടത്തിയ ഭൂമി ഇടപാടുകളെ സംബന്ധിച്ചും ഇഡി അന്വേഷണം നടക്കുന്നുണ്ട്. ഭാസുരാംഗന്റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു.
2006ലാണ് കോൺഗ്രസ് വിട്ട് ഭാസുരാംഗന് സിപിഐയിലെത്തിയത്. എല്ലാ പാർട്ടിക്കാർക്കും സാമ്പത്തികമായി സഹായിക്കാൻ ഭാസുരാംഗനുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ഇരു പാർട്ടികളുമായി അഗാധ ബന്ധം. അതിനാൽ, വരുന്ന പരാതികളൊന്നും തന്നെ പുറം ലോകം കാണാറുമില്ല. പാർട്ടി നേതാക്കൾ ശുപാർശ ചെയ്യുന്നവർക്ക് ബാങ്കിലും മറ്റ് സ്ഥാപനങ്ങളിലും നിയമനം, തിരഞ്ഞെടുപ്പ് സമയത്ത് നേതാക്കൾക്കു പാർട്ടിയേതെന്ന് നോക്കാതെ പ്രചാരണത്തിനായി വലിയ തുക സംഭാവന.. ഇങ്ങനെയെല്ലാമുള്ള സംസാരം സിപിഐക്കുള്ളിൽ തന്നെയുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ കാട്ടാക്കടയിലെ സിപിഎം സ്ഥാനാർത്ഥിയെ തോൽപിക്കാനും ഭാസുരാംഗന്റെ കയ്യുണ്ടായതായി ആക്ഷേപം ഉയർന്നിരുന്നു. ഇത് കൂടാതെ, നേതാക്കൾക്കായി വാഹനം വിട്ടു നൽകുന്ന രീതിയും ഭാസുരാംഗന് ഉണ്ടായിരുന്നു. സിപിഐയിലെ ജില്ലയിലെ പ്രധാന നേതാക്കൾക്കും സംസ്ഥാന നേതാക്കളിൽ ചിലർക്കും സ്ഥിരമായി ഭാസുരാംഗന്റെ സാമ്പത്തിക സഹായം ലഭിച്ചിരുന്നതായി സിപിഐ നേതാക്കൾ പറയുന്നു.
ഏതായാലും കേസിൽ ഇഡി പിടിമുറുക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇഡി കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നതിനിടെ ദേഹാസ്വാസ്ഥ്യം
അനുഭവപ്പെട്ട ഭാസുരാംഗൻ നിലവിൽ ആശുപത്രിയിലാണ്. പിന്നാലെ മകന്‍ അഖില്‍ജിത്തിനെയും ഇഡി കസ്റ്റഡിയിലെടുത്തു. ഭാസുരാംഗന്റെയും കുടുംബത്തിന്റേയും ഇടപാടുകള്‍ ഒന്നൊന്നായി പരിശോധിക്കുകയാണ് ഇഡി. ബാങ്കില്‍ വന്‍ തുക നിക്ഷേപിച്ചവര്‍ക്ക് ഉടന്‍ നോട്ടീസ് നല്‍കും. സാമ്പത്തിക സ്രോതസ്സ് ഹാജരാക്കാന്‍ ആവശ്യപ്പെടും. ചികിത്സയില്‍ തുടരുന്ന ഭാസുരാംഗനെ കൂടുതല്‍ ചോദ്യം ചെയ്യും. ഇഡി സംഘം ഇപ്പോഴും ആശുപത്രിയില്‍ തുടരുന്നുണ്ട്. ഭാസുരാംഗന്റെ വീട്ടിലും ബാങ്കിലുമായി നടത്തിയ പരിശോധനയില്‍ സുപ്രധാന രേഖകള്‍ ഇഡി പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post