ടെൽ അവീവ്: ഗാസയിൽ ഉടനെ വെടിനിർത്തൽ പ്രഖ്യാപിക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് വ്യക്തമാക്കി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഗാസയിൽ നിന്നും ഹമാസ് ഭീകരവാദികളെ ഉന്മൂലനം ചെയ്യുന്നത് വരെ പോരാട്ടം തുടരുമെന്ന് അദ്ദേഹം പറഞ്ഞു.
ഗാസയെ നിരായുധീകരിച്ച് താത്കാലിക നിയന്ത്രണം ഇസ്രയേൽ ഏറ്റെടുക്കും. ഉത്തര ഗാസ മുനമ്പിന്റെ നിയന്ത്രണം ഹമാസിന് നഷ്ടമായിക്കഴിഞ്ഞു. അവർക്ക് അവിടെ നിലവിൽ ഒളിയിടങ്ങളില്ല. കരയിൽ നിന്നും തുരങ്കങ്ങളിൽ നിന്നും ഇസ്രയേൽ സേന ആക്രമണം ശക്തമാക്കിയിരിക്കുകയാണ്. വിജയം കൈവരിക്കുന്നത് വരെയും ശക്തമായ പോരാട്ടം തുടരുമെന്നും നെതന്യാഹു വ്യക്തമാക്കി.
ഹിസ്ബുള്ളക്കും ശക്തമായ മുന്നറിയിപ്പ് നൽകുകയാണ്. യുദ്ധത്തിൽ ഇടപെടരുത്, ഇടപെട്ടാൽ ഊഹിക്കാവുന്നതിലും അപ്പുറമായിരിക്കും ആൾനാശം. വ്യോമമാർഗത്തിലും കരമാർഗത്തിലും യുദ്ധം നടക്കുന്നത് അവർക്ക് അറിവുള്ളതാണ്. ഹിസ്ബുള്ളയുടെ നിലപാട് ലെബനന്റെ വിധി നിർണയിക്കുമെന്നും നെതന്യാഹു മുന്നറിയിപ്പ് നൽകി.
അറബ് രാജ്യങ്ങളും അവരുടെ ഭാവിയെ കരുതി ഹമാസിനെതിരെ നിലപാട് സ്വീകരിക്കണം. കഴിഞ്ഞ പതിനാറ് വർഷങ്ങൾക്കിടെ ഗാസക്ക് ഹമാസ് യാതനകൾ മാത്രമാണ് നൽകിയിരിക്കുന്നത്. രക്തവും ദാരിദ്ര്യവും മാത്രമാണ് അവരുടെ സംഭാവന. ഇറാൻ നേതൃത്വം നൽകുന്ന ഭീകരവാദ ചേരിയുടെ ആയുധമാണ് ഹമാസ്. അവർ അറബ് രാജ്യങ്ങൾക്കും ഭീഷണിയാണെന്നും നെതന്യാഹു പറഞ്ഞു.
യുദ്ധം വിജയപ്രതീക്ഷ നൽകി മുന്നോട്ട് പോവുകയാണ്. ഹമാസിനെ ഉന്മൂലനം ചെയ്താലും സമീപ ഭാവിയിൽ വെസ്റ്റ് ബാങ്ക് അധികാരികൾക്ക് ഗാസയിലെ അധികാരം കൈമാറില്ല. ഇസ്രയേലിനെ വെറുക്കാൻ പഠിപ്പിക്കുന്ന ഒരു തലമുറ ഇനി മേഖലയിൽ വളർന്ന് വരാൻ പാടില്ല. അതിന് വേണ്ട കാര്യങ്ങൾ ചെയ്ത ശേഷം ഗാസയുടെ ഭാവി തീരുമാനിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി.
ബന്ദികളെ മോചിപ്പിക്കാതെ സമാധാനം എന്ന ആശയമേ ഉദിക്കുന്നില്ല. ബന്ദികളുടെ കാര്യത്തിൽ മൊസാദ് ചില തീരുമാനങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. അത് എന്താണെന്ന് ഇപ്പോൾ പറയാനാകില്ലെന്നും വാർത്താ സമ്മേളനത്തിൽ നെതന്യാഹു അറിയിച്ചു. ഇസ്രയേൽ പ്രതിരോധ വകുപ്പ് മന്ത്രി യോവ് ഗാലന്റും നെതന്യാഹുവിനൊപ്പം ഉണ്ടായിരുന്നു.











