കോഴിക്കോട് : കോൺഗ്രസ് വിടാനായി ഉദ്ദേശിക്കുന്നില്ലെന്ന് ആര്യാടന്‍ ഷൗക്കത്ത്. മരിക്കുമ്പോഴും കോൺഗ്രസ് പതാക പുതച്ച് കിടക്കണം എന്നാണ് ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി. പലസ്തീൻ വിഷയത്തിൽ വ്യക്തമായ കാഴ്ചപ്പാടും നിലപാടുമുള്ളതാണ് കോൺഗ്രസിന്റെ ചരിത്രം എന്നും ആര്യാടന്‍ ഷൗക്കത്ത് കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് വിചാരവേദി സംഘടിപ്പിക്കുന്ന സംവാദ പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു ആര്യാടന്‍ ഷൗക്കത്ത് നിലപാട് വ്യക്തമാക്കിയത്. പലസ്തീൻ ഐക്യദാർഢ്യ പരിപാടി സംഘടിപ്പിക്കാൻ കോൺഗ്രസ് വൈകിയോ എന്ന് പറയാൻ താൻ ആളല്ലെന്നും ആര്യാടന്‍ ഷൗക്കത്ത് വ്യക്തമാക്കി. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി പലസ്തീൻ വിഷയത്തെ ഉപയോഗപ്പെടുത്തില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.
കോൺഗ്രസ് നടത്തുന്ന പലസ്തീൻ ഐക്യദാർഢ്യ പരിപാടിയിൽ താൻ പങ്കെടുക്കണമോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും ഷൗക്കത്ത് സൂചിപ്പിച്ചു. അച്ചടക്ക സമിതിക്ക് മുന്നിൽ എല്ലാം വിശദീകരിച്ചിട്ടുണ്ട്. പലസ്തീൻ വിഷയത്തെ രാഷ്ട്രീയ നേട്ടങ്ങൾക്ക് വേണ്ടി ഉപയോഗിക്കുകയല്ല മറിച്ച് ഇക്കാര്യത്തിൽ യോജിച്ച പോരാട്ടമാണ് വേണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹമാസ് നടത്തുന്നത് പോരാട്ടമാണ്. പലസ്തീൻ പ്രശ്നം ഹമാസ് നടത്തിയ ഭീകരാക്രമണമായി സാമ്രാജ്യത്വശക്തികൾ ചുരുക്കുകയാണ്. ഹമാസിനെ ഒരിക്കലും താലിബാൻ, ബോക്ക ഹറാം എന്നിവയുമായി താരതമ്യം ചെയ്യാൻ പറ്റില്ല എന്നും ഷൗക്കത്ത് അഭിപ്രായപ്പെട്ടു.
Discussion about this post