മഥുര : ദീപാവലി പ്രമാണിച്ച് പടക്കം വിൽപ്പനയ്ക്കായി തയ്യാറാക്കിയ പ്രത്യേക പടക്ക ചന്തയിൽ തീപിടുത്തം. 7 പടക്കകടകൾ കത്തി നശിച്ചു. അപകടത്തിൽ 9 പേർക്ക് പരിക്കേറ്റിട്ടുണ്ട്. പ്രദേശത്തുണ്ടായിരുന്ന പത്തോളം ബൈക്കുകളും തീപിടുത്തത്തിൽ കത്തി നശിച്ചു.
ഉത്തർപ്രദേശിലെ മഥുര നഗരത്തിന്റെ സമീപമുള്ള ഗോപാൽബാഗിലാണ് പടക്കകടകൾക്ക് തീപിടിച്ച് അപകടം ഉണ്ടായത്. ദീപാവലി പ്രമാണിച്ചുള്ള വിൽപ്പനയ്ക്കായി പ്രത്യേകം സ്ഥാപിച്ചിരുന്ന സ്റ്റാളുകളിലാണ് തീപിടുത്തം ഉണ്ടായത്. ഈ കടകൾക്ക് മുകളിലേക്ക് വൈദ്യുതി കമ്പി പൊട്ടി വീണതാണ് അപകടത്തിന് കാരണമായതെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
സർക്കാരിൽ നിന്നും പ്രത്യേക അനുമതി വാങ്ങി സ്ഥാപിച്ചിരുന്ന പടക്ക സ്റ്റാളുകളിലാണ് തീപിടുത്തം ഉണ്ടായത്. പരിക്കേറ്റ ഒമ്പത് പേരിൽ നാല് പേർക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.
ഇവരെ ആഗ്രയിലെ എസ്എൻ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബാക്കിയുള്ളവർ മഥുര ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണെന്നും അധികൃതർ അറിയിച്ചു.
Discussion about this post