ഇടുക്കി :ക്ഷേമപെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് ഭിക്ഷയാചിക്കാൻ ഇറങ്ങിയ വയോധികയുടെ വീടിന് നേരെ കല്ലേറ്. ഇരുനൂറേക്കർ സ്വദേശിനിയായ മറിയക്കുട്ടിയുടെ(87) വീടിന് നേരെയാണ് കല്ലേറ് നടന്നത്. കഴിഞ്ഞ രണ്ടു ദിവസമായി രാത്രിയിൽ കല്ലേറ് നടന്നതായി മറിയക്കുട്ടി പറഞ്ഞു. തനിക്ക് സിപിഎമ്മിൽ നിന്നും ഭീഷണി ഉണ്ടെന്നും പോലീസിൽ പരാതി നൽകുമെന്നും മറിയക്കുട്ടി പറഞ്ഞു.
ക്ഷേമപെൻഷൻ ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞ ആഴ്ച മറിയക്കുട്ടിയും പൊളിഞ്ഞപാലം സ്വദേശിനി അന്ന ഔസേപ്പും(80) ഭിക്ഷയെടുക്കാൻ ഇറങ്ങിയിരുന്നു.ക്ഷേമപെൻഷൻ തരണമെന്നും മരുന്നു വാങ്ങാൻ പണമില്ലെന്നും എഴുതിയ പ്ലക്കാർഡുമായി മറിയക്കുട്ടി ഭിക്ഷയെടുക്കുന്ന ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. കേരളീയം പരിപാടിക്ക് പിന്നാലെയായതിനാൽ സിപിഎമ്മിന്റെയും സർക്കാരിന്റെയും ധൂർത്തും ചർച്ചയായിരുന്നു. പാർട്ടിക്കും സർക്കാരിനും ഇത് വലിയ തിരിച്ചടിയുമായി. ഇതിന്റെ വൈരാഗ്യമാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം. നാല് മാസത്തെ പെൻഷനാണ് കിട്ടാനുളളത്.
മറിയക്കുട്ടിയ്ക്ക് നാല് പെണ്മക്കൾ ആണുള്ളത്. ഇളയമകളായ പ്രിൻസിക്കൊപ്പമായിരുന്നു താമസം. മകൾ വിവാഹിതയായി ഭർത്താവിനോടൊപ്പം അടിമാലിയിലാണ് താമസം. മറ്റുമക്കൾ ആയിരമേക്കർ, വയനാട് പനമരം,ഡൽഹി എന്നിവിടങ്ങളിലാണ് താമസം.
മക്കളിൽ ഒരാൾ വിദേശത്താണെന്നായിരുന്നു സിപിഎം പറഞ്ഞത്. പഴമ്പിള്ളിച്ചാലിൽ മറിയക്കുട്ടിയ്ക്ക് ഒന്നര ഏക്കർ സ്ഥലമുണ്ടെന്നും സിപിഎം ആരോപിച്ചിരുന്നു. എന്നാൽ തന്റെ പേരിൽ വേറെ സ്ഥലമൊന്നും ഇല്ലെന്നും സിപിഎംകാർ ഉണ്ടെന്ന് പറയുന്ന സ്ഥലം കണ്ടെത്തി തരാൻ ഇന്ന് മന്നാങ്കണ്ടം (അടിമാലി) വില്ലേജ് ഓഫീസറെ സമീപിക്കുമെന്നും മറിയക്കുട്ടി പറഞ്ഞു.
Discussion about this post