ഡെറാഡൂണ്‍: ഉത്തരകാശിയില്‍ നിര്‍മാണത്തിലിരിക്കുന്ന തുരങ്കം തകര്‍ന്ന സംഭവത്തില്‍ മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി സംഭവ സ്ഥലം സന്ദര്‍ശിച്ചു. 40 തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. തുരങ്കത്തിലേക്ക് 15 മീറ്റര്‍ ഭേദിച്ചെങ്കിലും കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളിലേക്ക് എത്താന്‍ ഏകദേശം 35 മീറ്ററോളം അവശിഷ്ടങ്ങള്‍ നീക്കം ചെയ്യേണ്ടതുണ്ട്. അകത്തുള്ളവരുമായി ആശയവിനിമയം നടത്തുകയും ഓക്‌സിജന്‍, വെള്ളം, ലഘുഭക്ഷണം എന്നിവ പൈപ്പ് വഴി നല്‍കുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ദേശീയ ദുരന്ത നിവാരണ സേന (എന്‍ഡിആര്‍എഫ്), സംസ്ഥാന ദുരന്ത നിവാരണ സേന (എസ്ഡിആര്‍എഫ്), പൊലീസ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്. എക്സ്‌കവേറ്ററുകളും മറ്റ് ഹെവി മെഷീനുകളും ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുകയാണ്. തൊഴിലാളികള്‍ സുരക്ഷിതരാണെന്നും ഓക്‌സിജന്‍ സിലിണ്ടറുകളുടെ ലഭ്യതയുണ്ടെന്നും പൈപ്പ് വഴി അധിക ഓക്‌സിജന്‍ വിതരണം ചെയ്യുന്നുണ്ടെന്നും അധികൃതര്‍ അറിയിച്ചു.
ബ്രഹ്‌മഖല്‍-യമുനോത്രി ദേശീയപാതയില്‍ സില്‍ക്യാരയ്ക്കും ദണ്ഡല്‍ഗാവിനും ഇടയിലുള്ള തുരങ്കം ഞായറാഴ്ച രാവിലെ ഏഴോടെയാണ് തകര്‍ന്നത്. ചാര്‍ധാം റോഡ് പദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിര്‍മിക്കുന്നത്. യാഥാര്‍ഥ്യമായാല്‍ ഉത്തരകാശിയില്‍നിന്ന് യമുനോത്രിയിലേക്കുള്ള യാത്രയില്‍ 26 കിലോമീറ്റര്‍ കുറയും.രക്ഷാപ്രവര്‍ത്തനം വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പറഞ്ഞു. എല്ലാവരെയും സുരക്ഷിതമായി രക്ഷപെടുത്തുന്നതിനാണ് മുന്‍ഗണന. വിദഗ്ധരുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. സംഭവത്തില്‍ അന്വേഷണവും നടക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post