കിളിമാനൂർ: അപകടത്തിൽപ്പെട്ട ഇരുചക്രവാഹനത്തിൽ നിന്ന് 67 കുപ്പി വിദേശമദ്യം കണ്ടെത്തി. 35 ലിറ്ററോളം വരുന്ന മദ്യമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് ആറ്റിങ്ങൽ ആയിലം സ്വദേശി നാസറുദീൻ (50) പിടിയിലായി. കഴിഞ്ഞ ദിവസം സംസ്ഥാന പാതയിൽ തട്ടത്തുമലയിലായിരുന്നു സംഭവം. അയ്യപ്പഭക്തരുടെ നിർത്തിയിട്ട കാറിന് പിന്നിലാണ് നാസറുദീൻ സഞ്ചരിച്ച ഇരുചക്രവാഹനം ഇടിച്ചത്. ചടയമംഗലത്തുനിന്ന് കിളിമാനൂരിലേക്കു വരുകയായിരുന്നു ഇയാൾ.
ഇടിയുടെ ആഘാതത്തിൽ വാഹനത്തിലുണ്ടായിരുന്ന മദ്യക്കുപ്പികൾ റോഡിലേക്ക് വീണതോടെയാണ് ഇയാൾ കുടുങ്ങിയത്. മദ്യക്കുപ്പികൾ കണ്ടതോടെ നാട്ടുകാരും കാർയാത്രക്കാരും ചേർന്ന് ഇയാളെ തടഞ്ഞുവെച്ച് പോലീസിൽ വിവരമറിയിച്ചു. കിളിമാനൂർ ഐഎസ്എച്ച്ഒ ബി ജയന്റെ നേതൃത്വത്തിൽ എസ്ഐ വിജിത്ത് കെ നായർ, രാജികൃഷ്ണ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. മൂന്ന് സഞ്ചികളിൽ ആയാണ് പ്രതി മദ്യം ഒളിപ്പിച്ചിരുന്നത്.
നാസറുദീൻ ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ളയാളാണ്. നിരവധി അബ്കാരി, മോഷണക്കേസുകളിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. പ്രതിയെ ആറ്റിങ്ങൽ കോടതി റിമാൻഡ് ചെയ്തു.
Discussion about this post