ഇന്ത്യൻ സ്പിൻ ബൗളർ രാഹുൽ ചഹാർ തന്റെ ദാമ്പത്യ ജീവിതം ഔദ്യോഗികമായി അവസാനിപ്പിച്ചു. ദീർഘകാല സുഹൃത്തായിരുന്ന ഇഷാനി ജോഹറുമായുള്ള വിവാഹമോചന വാർത്ത താരം തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്.
2022 മാർച്ച് 9-ന് ഗോവയിലെ കടൽതീരത്ത് വെച്ച് വളരെ ആഘോഷമായി നടന്ന വിവാഹമായിരുന്നു രാഹുലിന്റെയും ഇഷാനിയുടെയും. എന്നാൽ വെറും നാല് വർഷത്തിനുള്ളിൽ ആ ബന്ധം അവസാനിച്ചിരിക്കുകയാണ്. താൻ വളരെ ചെറിയ പ്രായത്തിൽ എടുത്ത തീരുമാനമായിരുന്നു വിവാഹമെന്ന് 26-കാരനായ രാഹുൽ പറഞ്ഞു. “എന്നെക്കുറിച്ച് കൃത്യമായി മനസ്സിലാക്കുന്നതിനും ജീവിതത്തിൽ എന്താണ് വേണ്ടതെന്ന് തിരിച്ചറിയുന്നതിനും മുൻപേ ഞാൻ വിവാഹിതനായി. കഴിഞ്ഞ 15 മാസങ്ങൾ കോടതി കയറി ഇറങ്ങുന്നതിനും ക്ഷമ പഠിക്കുന്നതിനുമാണ് ഞാൻ ചിലവഴിച്ചത്,” രാഹുൽ തന്റെ കുറിപ്പിൽ വ്യക്തമാക്കി.
കോടതി നടപടികൾക്ക് ശേഷം നിയമപരമായി വിവാഹമോചനം നേടിയതായും വലിയൊരു തുക നഷ്ടപരിഹാരമായി നൽകിക്കൊണ്ടാണ് കേസ് തീർപ്പാക്കിയതെന്നും താരം സൂചിപ്പിച്ചു. എന്നാൽ ആരോടും ദേഷ്യമോ പകയോ ഇല്ലെന്നും ജീവിതത്തിലെ വലിയൊരു പാഠമായി ഇതിനെ കാണുന്നത്. ഇതൊരു അവസാനമല്ല, ഇതൊരു മോചനമാണ്. സമാധാനത്തിലും ആത്മാഭിമാനത്തിലും അധിഷ്ഠിതമായ ഒരു ജീവിതം ഇനി കെട്ടിപ്പടുക്കും. കയ്പുള്ള ഓർമ്മകളല്ല, അന്തസ്സും വീണ്ടും തുടങ്ങാനുള്ള ധൈര്യവും മാത്രമാണ് ഞാൻ കൂടെക്കൂട്ടുന്നത്,” രാഹുൽ കുറിപ്പ് അവസാനിപ്പിച്ചു.
ഇന്ത്യൻ ക്രിക്കറ്റിലെ പ്രശസ്തമായ ‘ചഹാർ’ കുടുംബത്തിൽ നിന്നാണ് രാഹുൽ വരുന്നത്. ഇന്ത്യൻ പേസ് ബൗളർ ദീപക് ചഹാർ രാഹുലിന്റെ സ്വന്തം ജ്യേഷ്ഠനല്ല, മറിച്ച് കസിൻ (അമ്മാവന്റെ മകൻ) ആണ്. എന്നാൽ ഇരുവരും സഹോദരങ്ങളെപ്പോലെയാണ് വളർന്നത്. ദീപക്കിന്റെ പിതാവായ ലോകേന്ദ്ര സിംഗ് ചഹാറാണ് രാഹുലിനെയും പരിശീലിപ്പിച്ചത്. തന്റെ വേഗതയേറിയ ലെഗ് സ്പിൻ ശൈലി രാഹുൽ രൂപപ്പെടുത്തിയെടുത്തത് ഇദ്ദേഹത്തിന് കീഴിലാണ്.












