തിരുവനന്തപുരം : കെ എസ് ആർ ടി സി ബസിടിച്ച് കോളേജ് വിദ്യാർത്ഥിനി മരിച്ചു. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. കാട്ടാക്കട കെഎസ്ആർടിസി സ്റ്റാന്റിൽ വെച്ചാണ് വിദ്യാർത്ഥിയുടെ ദേഹത്തേക്ക് ബസ് ഇടിച്ചു കയറിയത്. അഭന്യ (18) എന്ന വിദ്യാർഥിനിയാണ് മരണപ്പെട്ടത്. ബസ് സ്റ്റാൻഡിലെ തൂണിന് സമീപത്ത് നിൽക്കുകയായിരുന്ന വിദ്യാർത്ഥിനിയുടെ ദേഹത്തേക്കാണ് ബസ് ഇടിച്ചു കയറിയത്.
അപകടം നടന്ന ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വിദ്യാർത്ഥിനി മരണപ്പെടുകയായിരുന്നു. കോളേജ് വിട്ട് വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം ഉണ്ടായത്. വിഴിഞ്ഞം ഭാഗത്ത് നിന്ന് വന്ന കെഎസ്ആർടിസി ബസ് സ്റ്റാന്റിൽ നിർത്തിയ ശേഷം അപ്രതീക്ഷിതമായി മുന്നോട്ടെടുത്തതാണ് അപകടത്തിന് കാരണമായത്. ബസിനും തൂണിനും ഇടയിൽപെട്ട് അഭന്യയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു.
അപകടത്തെ തുടർന്ന് ഓടിയെത്തിയ ബസ് സ്റ്റാൻഡിൽ ഉണ്ടായിരുന്ന നാട്ടുകാർ കെഎസ്ആർടിസി ജീവനക്കാരെ കൈയ്യേറ്റം ചെയ്തതോടെ സ്ഥലത്ത് സംഘർഷമുണ്ടായി. പിന്നീട് പൊലീസെത്തിയാണ് സ്ഥിതി ശാന്തമാക്കിയത്. ഡ്രൈവർ മദ്യപിച്ചിരുന്നതായി നാട്ടുകാർ ആരോപണം ഉന്നയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു.
Discussion about this post