തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും ഭാര്യ കമല വിജയന്റെയും ചികിത്സയ്ക്ക് ചിലവായ തുക പാസാക്കി സർക്കാർ ഉത്തരവ്. കേരളത്തിലും അമേരിക്കയിലുമായി നടത്തിയ ചികിത്സയ്ക്ക് ചെലവായ മുക്കാൽ കോടി രൂപയോളമാണ് അനുവദിച്ചത്. 74.99 ലക്ഷം രൂപ അനുവദിച്ചുകൊണ്ടാണ് സർക്കാർ ഉത്തരവിറക്കിയത്.
കഴിഞ്ഞ വർഷം ജനുവരി, ഏപ്രിൽ, മേയ് മാസങ്ങളിലാണ് ചികിത്സയ്ക്കായി അദ്ദേഹം അമേരിക്കയിലെത്തിയത്. മുഖ്യമന്ത്രി ചികിത്സ തേടിയ അമേരിക്കയിലെ മയോ ക്ലിനിക്കിൽ മാത്രം എഴുപത്തിരണ്ട് ലക്ഷം രൂപയിലധികമാണ് ചെലവായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജനുവരിയിൽ മാത്രം മയോക്ലിനിക്കിൽ മുപ്പത് ലക്ഷത്തിനടുത്ത് ചെലവായിട്ടുണ്ടെന്നും കണക്കുകൾ ചൂണ്ടിക്കാണിക്കുന്നു.
2021 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ തിരുവനന്തപുരം ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ മുഖ്യമന്ത്രിയുടേയും ഭാര്യയുടേയും ചികിത്സയ്ക്കായി 42,057 രൂപയാണ് ചെലവഴിച്ചത്. ഇതേ ക്ലിനിക്കിൽത്തന്നെ 2022 ഏപ്രിൽ മുതൽ ഡിസംബർ വരെ മുഖ്യമന്ത്രിയുടെ ഭാര്യയുടെ ചികിത്സയ്ക്ക് 47,769 രൂപ മുടക്കിയിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയ്ക്ക് 28,646 രൂപയും ചെലവാക്കിയിട്ടുണ്ട്.
2020 ജൂലായ് മുതൽ 2021 മാർച്ച് വരെ ലെജിസ്ലേറ്റീവ് ഹോസ്റ്റൽ ഹെൽത്ത് ക്ലിനിക്കിൽ അദ്ദേഹത്തിനും ഭാര്യയ്ക്കും 32,905 രൂപയാണ് ചികിത്സയ്ക്കായി ചിലവാക്കിയതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ഇതിൽ ആയുർവേദ ചികിത്സയും മുഖ്യമന്ത്രി തേടിയിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. 2020 ഡിസംബറിൽ സെക്രട്ടറിയേറ്റ് ഗവൺമെന്റ് ആയൂർവേദ ഡിസ്പൻസറിയിലാണ് മുഖ്യമന്ത്രി ചികിത്സ തേടിയത്.












