റാഞ്ചി: ഝാർഖണ്ഡിന്റെ തലസ്ഥാന നഗരിയെ ആവേശത്തിലാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാത്രി റാഞ്ചിയിൽ സംഘടിപ്പിച്ച റോഡ് ഷോയ്ക്ക് സാക്ഷിയായത് ജനസാഗരം. ഇന്നലെ രാത്രിയായിരുന്നു പ്രധാനമന്ത്രിയുടെ റോഡ് ഷോ.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി സംസ്ഥാനത്ത് എത്തിയതായിരുന്നു പ്രധാനമന്ത്രി. ഇന്നലെ രാത്രി ബിർസാ മുണ്ട വിമാനത്താവളത്തിൽ പ്രത്യേക വിമാനത്തിൽ എത്തിയ അദ്ദേഹത്തെ ഗവർണർ സിപി രാധാകൃഷ്ണനും, മുഖ്യമന്ത്രി ഹേമന്ദ് സോറനും ചേർന്ന് സ്വീകരിച്ചു. വിമാനത്താവളത്തിൽ നിന്നുമായിരുന്നു 10 കിലോമീറ്ററോളം നീണ്ട പ്രധാനമന്ത്രിയുടെ റോഡ് ഷോ. വഴിയിലുട നീളം നിരവധി പേരാണ് അദ്ദേഹത്തെ കാണാനായി തടിച്ച് കൂടിയത്.
മോദി മോദി വിളികളുമായി ജനങ്ങൾ പ്രധാനമന്ത്രിയെ അനുഗമിച്ചു. ഏവരെയും കൈവീശി പ്രധാനമന്ത്രി അഭിവാദ്യം ചെയ്തു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവരാണ് രാത്രി വഴിയരികിൽ പ്രധാനമന്ത്രിയെ കാണാൻ കാത്ത് നിന്നത്. ബിജെപിയുടെ കൊടികളേന്തി പ്രവർത്തകരും അദ്ദേഹത്തെ കാത്ത് നിന്നു. പുഷ്പവൃഷ്ടി നടത്തിയാണ് അദ്ദേഹത്തെ ബിജെപി പ്രവർത്തകർ സ്വീകരിച്ചത്.
അതീവ സുരക്ഷയിൽ ആയിരുന്നു നരേന്ദ്ര മോദിയുടെ റോഡ് ഷോ. വിമാനത്താവളം മുതൽ രാജ്ഭവൻ വരെ രാത്രി 8 മുതൽ 11 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. റോഡ്‌ഷോയുടെ പശ്ചാത്തലത്തിൽ രാജ്ഭവൻ മുതൽ ബിർസാ മുണ്ട ജയിൽവരെയുള്ള പ്രദേശത്ത് ഡ്രോൺ പറത്തുന്നതിനും വിലക്കേർപ്പെടുത്തിയിരുന്നു.
ഝാർഖണ്ഡ് സംസ്ഥാനം രൂപീകരിച്ചതിന്റെ വാർഷിക ആഘോഷമാണ് ഇന്ന്. ഇതുൾപ്പെടെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തിയത്.
Discussion about this post