ഹൈദരാബാദ്: തെലങ്കാന മുഖ്യമന്ത്രി സ്ഥാനം സോണിയ ഗാന്ധി തനിക്ക് വാഗ്ദാനം ചെയ്‌തെന്ന അവകാശവാദവുമായി കോൺഗ്രസ് നേതാവും നൽഗൊണ്ട എംപിയുമായ കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി. പ്രചരണ പരിപാടിയിൽ ആയിരുന്നു ഇയാളുടെ അവകാശവാദം. എംപിയുടെ വീഡിയോ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കഴഞ്ഞു. ഇതോടെ പാർട്ടിക്കുളളിലും പ്രതിഷേധവും മുറുമുറുപ്പും തലപൊക്കിയിട്ടുണ്ട്.
റെഡ്ഡി ചൊവ്വാഴ്ച നൽഗൊണ്ടയിൽ ഒരു തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന അഞ്ച് സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിൽ പങ്ക് വച്ചിരിക്കുന്നത്. ‘പാർട്ടി അധികാരത്തിൽ വന്നാൽ സോണിയാ ഗാന്ധി എനിക്ക് മുഖ്യമന്ത്രി സ്ഥാനം നൽകും. എന്നേക്കാൾ മുതിർന്നവരായി ആരുമില്ല ഇപ്പോൾ’- അദ്ദേഹം പറഞ്ഞു.
നവംബർ 30ന് തെലങ്കാനയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചിരിക്കുന്നത്. സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ രേവന്ത് റെഡ്ഡി, മുൻ സംസ്ഥാന അധ്യക്ഷൻ ഉത്തം റെഡ്ഡി, കോൺഗ്രസ് നേതാവ് മധു യക്ഷി ഗൗഡ് എന്നിവരാണ് മുതിർന്ന മത്സരാർത്ഥികൾ.
2019 മുതൽ ഭുവനഗിരി പാർലമെന്റ് മണ്ഡലത്തിലെ പാർലമെന്റ് അംഗവും 2022 മുതൽ തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ മുതിർന്ന പ്രചാരകനുമാണ് കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി. തെലങ്കാന കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടിയുടെ ഡെപ്യൂട്ടി ഫ്ലോർ ലീഡറും നൽഗൊണ്ട നിയമസഭാ മണ്ഡലത്തിലെ മുൻ എംഎൽഎയുമായിരുന്നു. വെങ്കട്ട് റെഡ്ഡിയുടെ ഇളയ സഹോദരൻ കോമതിറെഡ്ഡി രാജ്ഗോപാൽ റെഡ്ഡി അടുത്തിടെ ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് എത്തിയതാണ്. അദ്ദേഹവും തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ട്.
Discussion about this post